Ramesh Chennithala| അനര്‍ട്ടിലെ കോടികളുടെ ക്രമക്കേട്: കുസും സോളാര്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പരാതി നല്‍കി

Jaihind News Bureau
Sunday, August 17, 2025

കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ്ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പദ്ധതിയില്‍ പൊതുമേഖലാ സ്ഥാപനമായ അനര്‍ട്ട് നടത്തിയ 100 കോടി രൂപയുടെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. പദ്ധതിയുടെ തുടക്കം മുതലുള്ള ടെന്‍ഡര്‍ നടപടികളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് തെളിവുകള്‍ സഹിതമാണ് ചെന്നിത്തല പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. അനര്‍ട്ട് സി.ഇ.ഒയെ ഒന്നാം പ്രതിയാക്കിയാണ് പരാതി.

അഞ്ച് കോടി രൂപ വരെയുള്ള ടെന്‍ഡറുകള്‍ മാത്രം വിളിക്കാന്‍ അധികാരമുള്ള അനര്‍ട്ട് സി.ഇ.ഒ, 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചതാണ് പ്രധാന ക്രമക്കേട്. 2022 ഓഗസ്റ്റ് 10-ന് വിളിച്ച ആദ്യ ടെന്‍ഡര്‍ മുതല്‍ അഴിമതി ആരംഭിച്ചതായി പരാതിയില്‍ പറയുന്നു. ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ‘അഥിതി സോളാര്‍’ എന്ന കമ്പനി ടെന്‍ഡറില്‍ നിന്ന് പിന്‍വാങ്ങിയതില്‍ ദുരൂഹതയുണ്ട്. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ കമ്പനിയുടെ തുക കണ്ടുകെട്ടുന്ന പതിവുണ്ടെങ്കിലും ഇവിടെ അങ്ങനെയൊന്നും സംഭവിച്ചില്ല. പിന്നീട് വലിയ തുകയ്ക്ക് രണ്ടാമതൊരു ടെന്‍ഡര്‍ വിളിച്ചപ്പോള്‍ അത് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ 145% അധികമായിരുന്നു. വീണ്ടും ടെന്‍ഡര്‍ വിളിച്ചപ്പോഴും ടാറ്റാ സോളാറിനെ തിരഞ്ഞെടുക്കാന്‍ മനഃപൂര്‍വമായ ശ്രമം നടന്നതായി പരാതിയില്‍ ആരോപിക്കുന്നു. ടാറ്റാ സോളാറിനേക്കാള്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയ ‘കോണ്ടാസ് ഓട്ടോമേഷന്‍’ എന്ന സ്ഥാപനത്തെ ഒഴിവാക്കിയാണ് ടാറ്റയെ തിരഞ്ഞെടുത്തത്. ഇതിനായി ഇ-ടെന്‍ഡറില്‍ രേഖപ്പെടുത്തിയ തുകയില്‍ താത്കാലിക ജീവനക്കാരുടെ സഹായത്തോടെ തിരുത്തലുകള്‍ വരുത്തിയെന്നും പരാതിയില്‍ പറയുന്നു.

ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ടാണ് അനര്‍ട്ട് ഈ പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്. ഈ ഇടപാടുകളില്‍ ഉള്‍പ്പെട്ട എല്ലാ കുറ്റവാളികളെയും സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയൂ എന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

1988-ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7-ഉം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 120 ഉം പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളാണ് ഈ ഇടപാടുകളിലൂടെ നടന്നിട്ടുള്ളത്. അതിനാല്‍, കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല വിജിലന്‍സിനോട് അഭ്യര്‍ത്ഥിച്ചു. നിയമവാഴ്ചയും നീതിയും ഉയര്‍ത്തിപ്പിടിച്ച് പൊതുപണം അപഹരിക്കുന്നത് തടയണമെന്നും രമേശ് ചെന്നിത്തല പരാതിയില്‍ ആവശ്യപ്പെട്ടു.