KC VENUGOPAL| ‘വോട്ടർ പട്ടികയിലെ ക്രമക്കേട്; കോൺഗ്രസ് വ്യാപകമായി ഓഡിറ്റിംഗ് നടത്തും’-കെ.സി വേണുഗോപാല്‍ എംപി

Jaihind News Bureau
Sunday, August 10, 2025

വോട്ടർ പട്ടികയിലെ ക്രമക്കേട് കണ്ടെത്താൻ കോൺഗ്രസ് വ്യാപകമായി ഓഡിറ്റിംഗ് നടത്തുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. തൃശ്ശൂരിൽ വ്യാജ വോട്ടർമാരെ വ്യാപകമായി ചേർത്തിട്ടുണ്ടെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി ഭരണം പിടിച്ച തെരഞ്ഞെടുപ്പ് ആയിരുന്നു 2024 ലേത്. ജനവിധി അനുസരിച്ച് പ്രധാനമന്ത്രിയായ ആളല്ല നരേന്ദ്രമോദി. തൃശ്ശൂരിലും വ്യാജ വോട്ടർമാരെ ചേർത്തിട്ടുണ്ട്. ഇത് ഗൗരവതരമാണ്. ഇന്ത്യ മുന്നണി 50000 വോട്ടിന് താഴെ പരാജയപ്പെട്ട മണ്ഡലങ്ങളിൽ കോൺഗ്രസ് വിശദമായ ഓഡിറ്റിംഗ് നടത്തുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഓൺലൈൻ മദ്യ വില്പനയ്ക്കുള്ള സംസ്ഥാന സർക്കാർ നീക്കം തെറ്റായ സന്ദേശമാണ് നൽകുന്നത്. വരുമാനം ഉണ്ടാക്കണമെന്ന ഒറ്റചിന്ത മാത്രമാണ് സർക്കാരിനുള്ളത്. നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.