
അമേരിക്കയുടെ നിരീക്ഷണ വിമാനം വെടിവെച്ചിട്ടെന്ന ഇറാന്റെ അവകാശവാദത്തോടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി.വിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടെങ്കിലും വാഷിംഗ്ടൺ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഇറാന്റെ ഈ പ്രകോപനത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ അമേരിക്ക വലിയ തോതിലുള്ള സൈനിക വിന്യാസമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ 3500-ഓളം സൈനികരെയും യുഎസ്എസ് ട്രിപ്പോളി ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധക്കപ്പലുകളെയും അമേരിക്ക മേഖലയിൽ വിന്യസിച്ചു. കരയുദ്ധം ഒഴിവാക്കി ഇറാനെ പരാജയപ്പെടുത്താനാണ് ലക്ഷ്യമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കുമ്പോഴും സൈനിക നീക്കം ശക്തമാണ്. അതിനിടെ, ഇസ്രയേലിന് നേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തി. ലോകത്തെ പ്രധാന കപ്പൽ പാതയായ ബാബ് അൽ മന്ദബ് ഉപരോധിക്കാനുള്ള ഹൂതികളുടെ നീക്കം ആഗോള ചരക്കുനീക്കത്തെയും സമ്പദ്വ്യവസ്ഥയെയും പ്രതിസന്ധിയിലാക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
3500 ഓളം സൈനികർ ഇതിനോടകം സംഘർഷ മേഖലയിലെത്തിക്കഴിഞ്ഞു. ഏകദേശം 2,500 സൈനികരുമായി അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യൻ തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇതിന് പുറമെ യുഎസ്എസ് ബോക്സറും സാൻഡിയാഗോയിൽ നിന്നുള്ള നാവിക യൂണിറ്റുകളും ഉടൻ തന്നെ മേഖലയിലെത്തും. കരയുദ്ധം ഉടനുണ്ടാകുമെന്ന സൂചനകളാണ് യുഎസ് കമാൻഡിന്റെ എക്സ് പോസ്റ്റ് നൽകുന്നത്. എന്നാൽ കരസേനയെ നേരിട്ട് വിന്യസിക്കാതെ തന്നെ ഇറാനെ പരാജയപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
ഇതിനിടെ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചന നൽകി യെമനിലെ ഹൂതി വിമതരും രംഗത്തെത്തി. ഇസ്രയേലിന് നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു. ലോകത്തെ പ്രധാന കപ്പൽ പാതയായ ബാബ് അൽ മന്ദബ് ഉപരോധിക്കുമെന്ന ഹൂതികളുടെ ഭീഷണി ആഗോള ചരക്കുനീക്കത്തെയും സമ്പദ്വ്യവസ്ഥയെയും പ്രതിസന്ധിയിലാക്കിയേക്കും. ഹോർമുസ് കടലിടുക്കിൽ നിന്ന് ചെങ്കടലിലേക്ക് കൂടി സംഘർഷം പടരുന്നത് രാജ്യാന്തര തലത്തിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.കരയുദ്ധത്തിലേക്ക് അമേരിക്ക നീങ്ങുമോ അതോ നയതന്ത്ര നീക്കങ്ങളിലൂടെ ഇറാനെ തളയ്ക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്തുതന്നെയായാലും പശ്ചിമേഷ്യയിൽ നിന്ന് ഉയരുന്നത് യുദ്ധകാഹളത്തിന്റെ മുഴക്കമാണ്.