
പശ്ചിമേഷ്യയില്‍ ഇറാന് നടത്തുന്ന സൈനിക നീക്കങ്ങള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ 12 ഗള്‍ഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടിനെ തള്ളി ഇറാന് വിദേശകാര്യ മന്ത്രാലയം. അയല്‍രാജ്യങ്ങളുടെ നീക്കം ഏകപക്ഷീയമാണെന്നും മേഖലയിലെ യഥാര്‍ത്ഥ ശത്രുക്കളെ തിരിച്ചറിയണമെന്നും ഇറാന് ആവശ്യപ്പെട്ടു. തങ്ങളുടെ എണ്ണ-പ്രകൃതിവാതക റിഫൈനറികള്‍ ആക്രമിക്കപ്പെട്ടാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന് മുന്നറിയിപ്പ് നല്കി.
ഖത്തറിലും കുവൈത്തിലും എണ്ണ റിഫൈനറികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങള്‍ ഇറാനെതിരെ രംഗത്തെത്തിയത്. സായുധ സംഘങ്ങള്‍ക്ക് നല്കുന്ന ആയുധ-സാമ്പത്തിക സഹായം നിര്‍ത്തണമെന്നും സമാധാനം തകര്‍ക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തങ്ങളുടെ ഭൂമി അമേരിക്കയ്ക്കും ഇസ്രയേലിനും സൈനിക ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കരുതെന്നാണ് ഇറാന്റെ മറുപടി. ആക്രമണങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നവര് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങളില്‍ തുല്യപങ്കാളികളാണെന്നും ഇറാന് കുറ്റപ്പെടുത്തി.
ഹോര്‍മുസ് കടലിടുക്കും ബാബ് അല്‍ മന്ദബ് പാതയും തടസ്സപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ സൗദി അറേബ്യ കടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗോള ഊര്‍ജ്ജ വിപണിയുടെ നട്ടെല്ലായ ഈ പാതകള്‍ അടയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയും സജീവമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യ ഇന്ന് ഒമാനുമായി നിര്‍ണ്ണായകമായ കൂടിക്കാഴ്ച നടത്തി. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം മൂലം കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ യാത്ര സുഗമമാക്കാനും ചരക്ക് നീക്കം പുനരാരംഭിക്കാനുമാണ് ഇന്ത്യയുടെ ശ്രമം. എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വലിയ ആശങ്കയിലാണ്.