
ഇറാനില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുന്നു. പ്രക്ഷോഭം രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ച പശ്ചാത്തലത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇറാനിലെ മുന്‍ ഭരണാധികാരിയുടെ മകന്‍ റിസാ പഹ്‌ലവി രംഗത്തെത്തി. ‘ഇറാനിലെ ജനങ്ങളെ സഹായിക്കാന്‍ പ്രസിഡന്റ് അടിയന്തരമായി ഇടപെടണമെ’ന്ന് 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം അമേരിക്കയില്‍ അഭയം പ്രാപിച്ച റിസാ പഹ്ലവി ആവശ്യപ്പെട്ടു.
വിലക്കയറ്റത്തിനെതിരെ ഡിസംബര്‍ 28-ന് ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ ഭരണകൂടത്തിനെതിരായ വികാരം ആളിക്കത്തിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തില്‍ ഇതുവരെ 62 പേര്‍ കൊല്ലപ്പെട്ടതായും 2,500-ഓളം പേരെ കരുതല്‍ തടങ്കലിലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. അതേസമയം, പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് ഇറാന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാനിലെ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും അവിടേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇറാനിലുള്ള ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പുണ്ട്.