ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; ഇന്റര്‍നെറ്റും ഫോണ്‍ ബന്ധവും വിച്ഛേദിച്ചു, 42 മരണം

Jaihind News Bureau
Friday, January 9, 2026

 

ടെഹ്റാന്‍: ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ ഇന്റര്‍നെറ്റ്-ഫോണ്‍ സേവനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി ഇറാന്‍. വ്യാഴാഴ്ച രാത്രി മുതല്‍ രാജ്യത്ത് ഇന്റര്‍നെറ്റും അന്താരാഷ്ട്ര ടെലിഫോണ്‍ ബന്ധങ്ങളും പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. നാടുകടത്തപ്പെട്ട മുന്‍ കിരീടാവകാശി റെസ പഹ്ലവിയുടെ ആഹ്വാനപ്രകാരം ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെയാണ് രാജ്യം സ്തംഭനാവസ്ഥയിലായത്.

1979 ലെ ഇസ്ലാമിക വിപ്ലവത്തിന് തൊട്ടുമുമ്പ് ഇറാന്‍ വിട്ട റെസ പഹ്ലവി നടത്തിയ പ്രക്ഷോഭ ആഹ്വാനമാണ് നിലവിലെ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടിയത്. ഷാ ഭരണകൂടത്തെ അനുകൂലിച്ചും നിലവിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെയും മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒത്തുചേര്‍ന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രി എട്ട് മണിക്ക് പ്രതിഷേധിക്കാന്‍ പഹ്ലവി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇറാന്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയത്.

പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ 42 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സിയുടെ കണക്കുപ്രകാരം 2,270-ലധികം പേരെ ഭരണകൂടം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ മാര്‍ക്കറ്റുകളും ബസാറുകളും അടച്ചുപൂട്ടി. ദുബായില്‍ നിന്ന് ഇറാനിലേക്കുള്ള ലാന്‍ഡ്ലൈന്‍, മൊബൈല്‍ കോളുകള്‍ പോലും ബന്ധിപ്പിക്കാന്‍ കഴിയാത്ത വിധം ആശയവിനിമയ സംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടു.

ഇറാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതായി പ്രമുഖ ഇന്റര്‍നെറ്റ് കമ്പനിയായ ക്ലൗഡ്ഫ്‌ലെയറും നിരീക്ഷണ ഗ്രൂപ്പായ നെറ്റ്‌ബ്ലോക്‌സും സ്ഥിരീകരിച്ചു. എന്നാല്‍, ഔദ്യോഗിക മാധ്യമങ്ങള്‍ ഈ നിയന്ത്രണങ്ങളെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രക്ഷോഭം വ്യാപിക്കുന്നതോടെ അയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.