ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു

Jaihind Webdesk
Monday, May 20, 2024

 

ടെഹ്റാന്‍: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്‍റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം വന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.  തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവര്‍ത്തകരെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അപകടത്തില്‍ ജീവനോടെ ആരും രക്ഷപ്പെട്ടതിന്‍റെ സൂചനകളൊന്നും സ്ഥലത്ത് നിന്നും ലഭിച്ചിരുന്നില്ല.

ഇന്നലെ അപകടം നടന്നതിന് ശേഷം 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താനായാത്. പ്രതികൂല കാലാവസ്ഥയായിരുന്നു പ്രധാന വെല്ലുവിളി. മലയിടുക്കുകളിൽ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് ഇറാന്‍ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്. ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്.

പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിര്‍, ഈസ്റ്റേണ്‍ അസര്‍ബൈജാൻ ഗവര്‍ണര്‍ മലേക് റഹ്മതി, തബ്റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാര്‍ഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം അപകടത്തില്‍ മരിച്ചെന്നാണ് ഇപ്പോള്‍  സ്ഥിരീകരിച്ചിരിക്കുന്നത്. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു.