ഐപിഎസ് തലപ്പത്ത് അഴിച്ചുപണി: കാഫിര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് അടക്കം മാറ്റം

Jaihind Webdesk
Wednesday, August 14, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ഏഴ് എസ്പിമാർക്കും രണ്ട് കമ്മീഷണർമാർക്കുമാണ് മാറ്റം. കോഴിക്കോട് റൂറൽ, കാസറഗോഡ്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവന്തപുരത്തും കൊച്ചിയിലും ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാർ വീതം ഉണ്ടാകും. കാഫിർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കും മാറ്റമുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയിൽ വർഗീയ ധ്രുവീകരണത്തിനായി ‘കാഫിർ സ്ക്രീൻഷോട്ട്’ പ്രചരിപ്പിച്ച കേസ് അന്വേഷണം സിപിഎം ഗ്രൂപ്പുകളിലേക്ക് എത്തിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. വർഗീയ ദ്രവീകരണ ലക്ഷ്യം വച്ചുകൊണ്ടുള്ള കാഫിർ പോസ്റ്റിന്‍റെ ഉറവിടത്തിന് പിന്നിൽ സിപിഎം ഇടത് വാട്സ്ആപ്പ് ഗ്രൂപ്പുകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് പോരാളി ഷാജി ഉൾപ്പെടെയുള്ള ഇടത് സൈബർ ഗ്രൂപ്പുകളും ആണെന്ന റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ നൽകിയിരുന്നു.

കാഫിർ കേസ് അന്വേഷിച്ച കോഴിക്കോട് കമ്മീഷണർ രാജ് പാൽ മീണയെ കണ്ണൂർ റെയ്ഞ്ച് ഡിഐജിയാക്കി. ഡിഐജിയായിരുന്ന തോംസനെ നേരത്തെ മാറ്റിയിരുന്നു. കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാരനും മാറ്റമുണ്ട്. തോംസണും അരവിന്ദ് സുകുമാറുമായിരുന്നു കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷിച്ചിരുന്നത്. ടി. നാരായണനാണ് പുതിയ കോഴിക്കോട് കമ്മീഷണർ.

വടകര ലോക്സഭ തിരഞ്ഞെടുപ്പിൽ വർഗീയപ്രചാരണം ലക്ഷ്യമിട്ടുള്ള കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കേസിന്‍റെ അന്വേഷ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനെ സ്‌ഥലം മാറ്റി. കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാറിനെ ഇക്കണോമിക് ഒഫൻസ് വിങ്ങിലേക്കാണ് മാറ്റിയത്. ‘കാഫിർ’ കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്നയാളാണ് അരവിന്ദ് സുകുമാർ. സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് സിപിഎം ഗ്രൂപ്പുകളിലെന്ന് റിപ്പോർട്ട് നൽകിയിരുന്നു.