ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മല്‍സരങ്ങള്‍ നാളെ പുനരാരംഭിക്കും. ഫൈനല്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 17 മല്‍സരങ്ങള്‍ 6 വേദികളിലായി നടത്തും. പ്ലേ ഓഫിലേക്ക് കയറാനുള്ള 4 ടീമുകളെ നിശ്ചയിക്കുന്ന നിര്‍ണായകമായ മല്‍സരങ്ങളാണ് ഇനി നടക്കാനുള്ളത്. ആദ്യ നാല് സ്ഥാനങ്ങളിലേക്ക് കയറാന്‍ തയാറെടുക്കുന്നത് 7 ടീമുകളാണ്. നാളെ നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തോടെ മല്‍സരങ്ങള്‍ വീണ്ടും പുനരാരംഭിക്കുകയാണ്. ബാംഗ്ലൂരിന്റെ ഹോം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുക. ശേഷിക്കുന്ന മല്‍സരങ്ങള്‍ ബെംഗ്ലൂരു, ജയ്പൂര്‍, ഡല്‍ഹി, ലക്‌നൗ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ വേദികളിലാകും നടക്കുന്നത്. ഒന്നാം ക്വാളിഫയര്‍ മെയ് 29 നും എലിമിനേറ്റര്‍ മെയ് 30 നും രണ്ടാം ക്വാളിഫയര്‍ ജൂണ്‍ ഒന്നിനും ഫൈനല്‍ മല്‍സരം ജൂണ്‍ മൂന്നിനും നടക്കും.
11 മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റോടെ ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്തും 12 മല്‍സരങ്ങളില്‍ നിന്ന് 11 പോയിന്റോടെ കൊല്‍ക്കത്ത ആറാം സ്ഥാനത്തുമാണ് നിലവില്‍. ഒരു ജയമരികെ മാത്രം പ്ലേ ഓഫ് സ്വപ്നങ്ങള്‍ സാധ്യതമാകുന്ന ബാംഗ്ലരിനെക്കാളും കൊല്‍ക്കത്തയ്ക്ക് ഇത് ജീവന്‍ മരണ പോരാട്ടമാണ്. ശേഷിക്കുന്ന രണ്ട് മല്‍സരങ്ങള്‍ വിജയിച്ചാലും മറ്റ് ടീമുകളുടെ പോയിന്റുകളും ആശ്രയിച്ചാകും കൊല്‍ക്കത്തയുടെ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കാന്‍ കഴിയുക. ജയിച്ചാല്‍ പ്ലേ ഓഫ് കയറുന്ന ആദ്യ ടീമാകും ബാംഗ്ലൂര്‍.