ഐപിഎല്‍ താരലേലം: വിലയേറിയ താരമായി കാമറൂണ്‍ ഗ്രീന്‍; 25.20 കോടി രൂപയ്ക്ക് കെകെആര്‍ സ്വന്തമാക്കി; ഡേവിഡ് മില്ലര്‍ ഡല്‍ഹിയില്‍

Jaihind News Bureau
Tuesday, December 16, 2025

ഐപിഎല്‍ 2026 സീസണിലേക്കുള്ള മിനി താരലേലം അബുദാബിയില്‍ ആരംഭിച്ചു. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റെക്കോര്‍ഡ് തുകയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 25.20 കോടി രൂപയ്ക്കാണ് കെകെആര്‍ ഗ്രീനിനെ ടീമിലെത്തിച്ചത്. താരത്തിന്റെ അടിസ്ഥാന വില 2 കോടി രൂപയായിരുന്നു. ഗ്രീനിനു പുറമേ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലറെ 2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചു. അതേസമയം, യുവ ഇന്ത്യന്‍ താരം പൃഥ്വി ഷാ ആദ്യ റൗണ്ടില്‍ വിറ്റുപോയില്ല.

ഇത്തവണ 77 സ്ലോട്ടുകളിലേക്ക് 359 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 246 പേര്‍ ഇന്ത്യന്‍ താരങ്ങളും 113 വിദേശ കളിക്കാരും ഉള്‍പ്പെടുന്നു. വിദേശ താരങ്ങള്‍ക്കായി 31 സ്ഥാനങ്ങള്‍ സംവരണം ചെയ്തിട്ടുണ്ട്. 10 ടീമുകള്‍ക്കുമായി ആകെ മുടക്കാന്‍ സാധിക്കുന്ന തുക 237.55 കോടി രൂപയാണ്.

ഏറ്റവും കൂടുതല്‍ പണമുള്ള ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. 64.30 കോടി രൂപയാണ് അവരുടെ പഴ്‌സിലുള്ളത്. പരമാവധി അടിസ്ഥാന വിലയായ 2 കോടി രൂപയുടെ പട്ടികയില്‍ 40 കളിക്കാരാണുള്ളത്. വെങ്കിടേഷ് അയ്യരും രവി ബിഷ്ണോയിയും മാത്രമാണ് ഈ ലിസ്റ്റിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

ഇത്തവണ 13 മലയാളി താരങ്ങള്‍ ലേലപ്പട്ടികയില്‍ ഇടംപിടിച്ചത് കേരള ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം നല്‍കുന്നു. നേരത്തെ ഐപിഎല്‍ ടീമുകളുടെ ഭാഗമായിരുന്ന കെ.എം. ആസിഫ്, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ക്ക് പുറമെ അഹമ്മദ് ഇമ്രാന്‍, അഖില്‍ സ്‌കറിയ, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, ജിക്കു ബ്രൈറ്റ്, അബ്ദുള്‍ ബാസിത്ത്, ഏദന്‍ ആപ്പിള്‍ ടോം, മുഹമ്മദ് ഷറഫുദ്ദീന്‍, ശ്രീഹരി നായര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.