വേനലവധിയും ഐപിഎല്ലും അത് ഒരു വികാരമാണ്. രണ്ട് മാസക്കാലത്തെ അവധിയെ മനോഹരമാക്കുന്ന ആവേശക്കാഴ്ചയാണ് ഐപിഎല്‍ മാമാങ്കം. 2025 ലെ ഐപിഎല്‍ പോരാട്ടത്തിന് ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാകും. ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും.
ലോക ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ആദ്യ മത്സരത്തിന് രണ്ട് വെടിക്കെട്ട് ടീമുകളും ഒരുങ്ങിക്കഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാര്‍ എന്ന പകിട്ടോടെയാണ് കൊല്‍ക്കത്ത സ്വന്തം നാട്ടില്‍ ആവേശപ്പോരാട്ടത്തിന് ഇറങ്ങുന്നതെങ്കില്‍ 18ാം സീസണിലെങ്കിലും മോഹക്കപ്പ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് ബെംഗളൂരുവിന്റെ വരവ്. ചാംപ്യന്‍മാരാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ കാര്യമായ പൊളിച്ചെഴുത്തുകള്‍ നടത്തിയാണ് കൊല്‍ക്കത്ത എത്തുന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ മെഗാലേലത്തില്‍ വിട്ടുകളഞ്ഞ ടീം വെറ്ററന്‍ താരം അജിന്‍ക്യ രഹാനെയെയാണ് ഇത്തവണ നായകനാക്കിയത്. കഴിഞ്ഞ വര്‍ഷം ടീമിനു മികച്ച തുടക്കം നല്‍കിയ സ്റ്റാര്‍ ഓപ്പണര്‍ ഫില്‍ സോള്‍ട്ട് ഇത്തവണ ബെംഗളൂരുവിലാണ്. പേസ് അറ്റാക്കിന്റെ കുന്തമുനയായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്കിനെയും ലേലത്തില്‍ കൈവിട്ടു. റിങ്കു സിങ്, ആന്ദ്രെ റസല്‍, റഹ്‌മാനുല്ല ഗുര്‍ബാസ്, വെങ്കടേഷ് അയ്യര്‍ തുടങ്ങിയ ബാറ്റര്‍മാരാണ് ടീമിന്റെ ബലം. മോയിന്‍ അലി, റോവ്മന്‍ പവല്‍, ക്വിന്റന്‍ ഡികോക്ക് തുടങ്ങിയവരെയും ഇവര്‍ക്കു കൂട്ടായി ഇത്തവണ ടീമില്‍ എത്തിച്ചിട്ടുണ്ട്. ബോളിങ്ങില്‍ സുനില്‍ നരെയ്ന്‍ വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ജോടിയുടേയും ആന്റിച് നോര്‍ട്യ നയിക്കുന്ന പേസ് പടയുടേയും കരുത്ത് കൂട്ടിനുണ്ട്. തന്ത്രങ്ങള്‍ മെനയാന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിനൊപ്പമുള്ളത് ഡ്വെയ്ന്‍ ബ്രാവോയാണ്.
18ാം സീസണിലും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കളിനയത്തില്‍ മാറ്റമില്ല. രണ്ടു സീസണുകളില്‍ ടീമിനെ നയിച്ച ഫാഫ് ഡുപ്ലെസിയെ മെഗാലേലത്തില്‍ വിട്ടുകളഞ്ഞതോടെ പുതിയ നായകനായി രജത് പാട്ടിദാര്‍ ടീമിന്റെ അമരത്തെത്തി. കോലി, രജത്, ഫില്‍ സോള്‍ട്ട്, ജിതേഷ് ശര്‍മ, ലിയാം ലിവിങ്സ്റ്റന്‍, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേഡ്, ജേക്കബ് ബെത്തല്‍ തുടങ്ങി ടീമില്‍ ബാറ്റര്‍മാര്‍ക്കു പഞ്ഞമില്ല. ജോഷ് ഹെയ്‌സല്‍വുഡിനൊപ്പം ഭുവനേശ്വര്‍ കുമാര്‍, റാസിക് ദര്‍, യഷ് ദയാല്‍, ലുന്‍ഗി എന്‍ഗിഡി, നുവാന്‍ തുഷാര എന്നിവര്‍കൂടി ചേരുന്നതോടെ ബോളിങ്ങിനും ബലം കൂടും. എങ്കിലും സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരുടെ അഭാവം ടീമിനെ അലട്ടുന്നുണ്ട്. വൈകീട്ട് 7.30 നാണ് ഇരുടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുക. മഴമുന്നറിയിപ്പ് തുടരുന്ന കൊല്‍ക്കത്തയില്‍ ഉദ്ഘാടന മത്സരം മഴ കൊണ്ടുപോകുമോ എന്ന പേടിയിലാണ് ആരാധകര്‍.