ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട ഐ ഫോൺ വിവാദത്തിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ ഹാജരാകേണ്ടത് ഇന്ന്. കരാർ ലഭിക്കുന്നതിന് യുണിടാക് ഉടമ സന്തോഷ് ഈപ്പൻ കോഴയായി നല്കിയ ഐഫോണുകളിൽ ഏറ്റവും വിലകൂടിയ ഒന്ന് വിനോദിനി ഉപയോഗിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. അതേസമയം വിനോദിനി ബാലകൃഷ്ണൻ ഹാജരാകുന്നതിൽ അനിശ്ചിതത്വം തുടരുന്നു.
സന്തോഷ് ഈപ്പൻ സമ്മാനിച്ച ഫോണിന്റെ ഐഎംഇഐ നമ്പര്‍ പരിശോധിച്ചാണ് വിനോദിനി ബാലകൃഷ്ണനാണ് ആറാമത്തെ ഫോണ്‍ ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയത്. ഇതേത്തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് നല്‍കിയിരുന്നു. 1,13,000 രൂപ വിലവരുന്ന ഐ ഫോണാണ് വിനോദിനിയുടെ കൈവശമുള്ളതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഫോണില്‍ നിന്ന് യുണിടാക് ഉടമയെ വിളിച്ചിരുന്നതായും കസ്റ്റംസ് പറയുന്നു. ബിനീഷ് കോടിയേരിയും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. സ്വര്‍ണ്ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയതായും കണ്ടെത്തിയെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ട്.
അതേസമയം മൊഴിയെടുക്കലിനായി തനിക്ക് കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഉപയോഗിക്കുന്നത് സ്വന്തം ഫോണാ ആണെന്നുമാണ് വിനോദിനി ബാലകൃഷ്ണൻ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞത്. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്ത് വിവാദമാവുംവരെ വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചിരുന്ന ഐ ഫോണിലെ സിം കാര്‍ഡും കസ്റ്റംസ് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഐഎംഇഐ നമ്പര്‍ വഴിയാണ് കസ്റ്റംസ് സിം കാര്‍ഡും കണ്ടെത്തിയത്. കോണ്‍സല്‍ ജനറലിന് നല്കിയ ഫോണ്‍ വിനോദിനിക്ക് എങ്ങനെ ലഭിച്ചെന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ വില കൂടിയ ഫോണ്‍ കോണ്‍സുല്‍ ജനറലിന് നല്‍കാനെന്നാണ് സ്വപ്ന പറഞ്ഞിരുന്നതെന്നും, വിനോദിനിയെ നേരിട്ട് അറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകാനാണ് കസ്റ്റംസ് വിനോദിനി ബാലകൃഷ്ണന് നോട്ടീസ് നൽകിയിട്ടുള്ളത്.