ഐഫോൺ വിവാദം: പ്രതിപക്ഷ നേതാവിന്‍റെ പരാതിയിൽ നിയമോപദേശം തേടി പൊലീസ്

Jaihind News Bureau
Saturday, October 3, 2020

 

തിരുവനന്തപുരം: ഐഫോൺ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ പൊലീസ് നിയമോപദേശം തേടി. ഫോണുകൾ ആരാണ് ഉപയോഗിക്കുന്നതെന്ന്
കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതോടെ സിപിഎമ്മും സർക്കാരും വെട്ടിലായി. സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷ നേതാവിന് ഐഫോൺ നൽകിയെന്നായിരുന്നു
സിപിഎം ഉയർത്തിയ വാദം. രമേശ് ചെന്നിത്തലക്കെതിരെ  സൈബർ സഖാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ
വ്യാജപ്രചരണവും നടത്തിയിരുന്നു.  എന്നാല്‍ താൻ ഫോൺ വാങ്ങിയിട്ടില്ലെന്നും ലക്കി ഡിപ്പിലൂടെ സമ്മാനങ്ങൾ വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. തുടർന്ന്
തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ഡി.ജി.പിക്ക് പരാതി നൽകുകയായിരുന്നു.

അതേസമയം പ്രോട്ടോകോൾ ലംഘനത്തെ കുറിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവര്‍ ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു അത്. വിവാദങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് അന്നത്തെ ആ ചടങ്ങിൽ പങ്കെടുത്തത്. പ്രോട്ടോകോൾ ലംഘനം ഉറപ്പാക്കേണ്ട പ്രോട്ടോകോൾ ഉദ്യോഗസ്ഥന് തന്നെ ഫോൺ സമ്മാനമായി കിട്ടിയതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.