സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് പോയിന്‍റുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേൻ. രണ്ട് വർഷത്തിനുള്ളിൽ 200 സിഎൻജി സ്റ്റേഷനുകൾ തുറക്കാനും ഐഒസി തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
രണ്ട് ഇലക്ട്രിക് ചാർജിംഗ് കേന്ദ്രങ്ങൾ മാത്രമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ഏപ്രിൽ അവസാനത്തോടെ ഇത് 14 എണ്ണമാക്കും. സംസ്ഥാനത്ത് നിലവിൽ ആറ് സിഎൻജി പമ്പുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഉടൻ തന്നെ 20 സിഎൻജി പമ്പുകൾകൂടി പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരം തൃശൂർ ജില്ലകളിലായിരിക്കും പുതുതായി സിഎൻജി പമ്പുകൾ പ്രവർത്തനം ആരംഭിക്കുക.
ദേശീയ പാതകളിൽ ഓരോ 25 കിലോമീറ്ററിലും സ്‌റ്റേഷനുണ്ടാകും. കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്ത് ഓരോ സ്‌റ്റേഷനുകൾ നിർമ്മിക്കും. ഇലക്ട്രിക്കൽ സെക്ഷനുകളായ തിരുവനന്തപുരം നേമം, കൊല്ലം ഓലൈ, 110 സബ്‌സ്‌റ്റേഷനുകളായ എറണാകുളം കലൂർ, തൃശൂർ വിയ്യൂർ, കണ്ണൂരിലെ ചൊവ്വര, കോഴിക്കോട് നല്ലളം 220 കെവി സബ്‌സ്‌റ്റേഷൻ എന്നിവിടങ്ങളിലാണിത്.
യൂണിറ്റിന് 5 രൂപയാണ് സ്റ്റേഷനുകൾക്കായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു നൽകിയ വൈദ്യുതി താരിഫ്. രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സിഎൻജി പമ്പുകളുടെ എണ്ണം 200ൽ എത്തിക്കാനാണ് ഐഒസി ലക്ഷ്യംവക്കുന്നത്. റിടെയിൽ വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിനായി 500 കോടിയുടെ നിക്ഷേപം നടത്തും എന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി.