പ്രവാസികൾ കൂടുതൽ പ്രയാസങ്ങളിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തിൽ പ്രതിപക്ഷ എംപി മാർ ഒറ്റക്കെട്ടായ് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം : രാഹുൽ ഗാന്ധിയ്ക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ കത്ത്

Jaihind News Bureau
Wednesday, April 22, 2020

കൊവിഡ് 19ന്‍റെ വ്യാപനം ഗൾഫ് നാടുകളിൽ അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്‍റുകൾ പ്രവാസികളോട് കാണിക്കുന്ന നിഷേധാത്മക നിലപാട് പ്രവാസികളിൽ ആശങ്കയുളവാക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കൂടിയാലോചനകൾക്കുശേഷം നടത്തിയ പ്രഖ്യാപനങ്ങളിൽ പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഒന്നുംതന്നെ ഇല്ലായെന്നത് നിരാശാജനകമാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ പറഞ്ഞു.

നിർമാണമേഖലയിലും അസംഘടിത തൊഴിൽ മേഖലയിലുമായി പ്രവർത്തിച്ചുവരുന്ന ഭൂരിപക്ഷം പ്രവാസികളും പരിമിതമായ താമസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരോ ലേബർക്യാമ്പുകളിൽ കഴിയുന്നവരോ ആണ്. ‘സാമൂഹിക അകലം പാലിക്കൽ’ തികച്ചും അപ്രായോഗികമായ ഇത്തരക്കാരിൽ നിരവധി ആളുകൾ ജീവിത ശൈലി രോഗങ്ങൾക്ക് അടിമപ്പെട്ടവ ർ കൂടിയാണ്. ഇതിനോടകം തന്നെ ഈ മഹാമാരി സാധാരണക്കാരായ ജനങ്ങളെ ശാരീരികമായോ സാമ്പത്തികമായോ മാനസികമായോ നേരിട്ട് ബാധിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു ജനതയോട് സർക്കാറുകൾ കാണിക്കുന്ന ഈ നിസ്സംഗതാ മനോഭാവം നില കൂടുതൽ വഷളാക്കും.

രോഗം വ്യാപിക്കുന്നത് നിയന്ത്രണവിധേയമാക്കാൻ എടുക്കുന്ന നടപടികളുടെ ഭാഗമായി അതാത് സർക്കാരുകൾ നിർദേശിച്ച നിലയിൽ കഴിച്ചുകൂട്ടുന്ന പ്രവാസിതൊഴിലാളികൾ ഭക്ഷണത്തിനും മരുന്നുകൾക്കുമൊക്കെയായി ദിവസങ്ങളായി ബുദ്ധിമുട്ടുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഗൾഫ് മേഖലയിൽ നിന്നും തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി സ്വന്തം നാടുകളിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനുള്ള വിമാനസർവീസ് നടത്തുന്നതിനുള്ള അനുമതി അതാത് രാജ്യങ്ങൾ നൽകിയിട്ടും ഇന്ത്യ നിലപാട് തുടരുകയാണ്. ഇതിനോടകം പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ നാടുകളിലേക്ക് തിച്ചുകൊണ്ടുപോകുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു.

പ്രവാസി സംഘടനകളും, മാധ്യമങ്ങളും തുടർച്ചയായി പ്രവാസിവികാരത്തെ പൊതുസമൂഹത്തിന്‍റെയും അധികാരികളുടേയും ശ്രദ്ധയിൽ ശക്തമായി പ്രതിഫലിപ്പിച്ചതിന്‍റെ ഭാഗമായി കേരളത്തിലെ സ്വകാര്യ മത-സാമൂഹിക സംഘടനകൾ തങ്ങളുടെ പക്കലുള്ള സൗകര്യങ്ങൾ സ്വമേധയാ പ്രവാസികളെ താൽക്കാലികമായി മാറ്റിത്താമസിപ്പിക്കാൻ വിട്ടുനൽകാൻ തയ്യാറായിട്ടുണ്ട്. എന്നിട്ടും കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദം ചെലുത്താൻ ഉത്തരവാദിത്തപ്പെട്ട കേരള സർക്കാർ ‘കേന്ദ്രസർക്കാർ തീരുമാനിക്കട്ടെ’ എന്ന നിലപാടിൽ തുടരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക നട്ടെല്ലായിരുന്ന പ്രവാസികളെ ഒരു പ്രതിസന്ധി കാലത്ത് തീർത്തും അവഗണിക്കുന്നു എന്നത് തികച്ചും പ്രതിഷേധാർഹമാണ്.

പ്രവാസികൾ കൂടുതൽ പ്രയാസങ്ങളിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തിൽ പ്രതിപക്ഷ എംപി മാർ ഒറ്റക്കെട്ടായ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പട്ടുകൊണ്ട് കത്തയച്ചിട്ടുണ്ട്. എംബസ്സിയും നോർക്കയുമടക്കം മറ്റു സാമൂഹിക, സാംസ്കാരിക, ആരോഗ്യ, മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ആളുകളുടെ കൂടി സഹായത്താൽ തീർത്തും അർഹരായവരെ ഘട്ടം ഘട്ടമായി എത്തിക്കാത്തപക്ഷം യാത്രാനുമതി ലഭിക്കുന്നതോടുകൂടി സംസ്ഥാനത്തേക്ക് ഉണ്ടാകുന്ന പ്രവാസികളുടെ കുത്തൊഴുക്ക് സ്ഥിതി നിയന്ത്രണാതീതമാക്കുമെന്നും അറിയിച്ചു.