> പാര്‍ട്ടി മാനിഫെസ്റ്റോ ഇനി പീപ്പിള്‍സ് മാനിഫെസ്റ്റോയെന്ന് ഡോ. സാം പിത്രോഡ
ദുബായ് : ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി വിഭാഗമായ, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (IOC) , ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റ്, ദുബായില്‍ സമാപിച്ചു. രണ്ടു ദിവസത്തെ സമ്മേളനത്തില്‍ 16 രാജ്യങ്ങളിലെ 180 പ്രതിനിധികള്‍ പങ്കെടുത്തു. ‘മഹാത്മാഗാന്ധി 150 വര്‍ഷങ്ങള്‍- ഇന്ത്യന്‍ കാഴ്ചപാട് ‘ എന്ന വിഷയത്തില്‍ നടന്ന പരിപാടിയില്‍, ഐ ഒ സിയുടെ, ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. സാം പിത്രോഡ മുഖ്യാതിഥിയായി. പാര്‍ട്ടി മാനിഫെസ്റ്റോ, പീപ്പിള്‍സ് മാനിഫെസ്റ്റോ ആക്കുക എന്ന ലക്ഷ്യത്തിലാണിതെന്ന് സാം പിത്രോഡ പറഞ്ഞു.
രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയതിന് ശേഷം നടക്കുന്ന, ആദ്യ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടായിരുന്നു ഈ വിപുലമായ സമ്മേളനം. ഇപ്രകാരം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍, പ്രവാസി ഇന്ത്യക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ രണ്ടു ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചത്.
https://youtu.be/pQ1PNZLV4Hg
അമേരിക്ക, യൂറോപ്പ്, ലണ്ടന്‍, ജര്‍മ്മനി, ഇറ്റലി മിഡില്‍ ഈസ്റ്റ് എന്നീ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിനിധികള്‍ തങ്ങളുടെ കാഴ്ചപാടുകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒരു കുടക്കീഴില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് , ഇന്‍കാസ്, ഒ ഐ സി സി എന്നിവയ്ക്ക് പുറമേ, കെ എം സി സി പോലുള്ള കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനകളുടെ പ്രതിനിധികളും ഇതില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് ഈ കമ്മിറ്റികളുടെ ചുമതലക്കാര്‍ അഭിപ്രായങ്ങള്‍ സ്വരൂപിച്ച്, വിഷയമായി അവതരിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി മാര്‍ച്ച് മാസത്തില്‍ പുറത്തിറക്കുന്ന പ്രകടന പത്രികയില്‍ ഇത്തരം നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തും.
എ ഐ സി സി മാനിഫെസ്‌റ്റോ കണ്‍വീനര്‍ രാജീവ് ഡൗഡ എം പി, എ ഐ സി സി സെക്രട്ടറിമാരായ ഹിമാന്‍ഷു വ്യാസ്, മധു യാസ്‌കി , ഡോ. ആസാദ് മൂപ്പന്‍, ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരിയില്‍ തുടങ്ങിയ നിരവധി പേര്‍ സംസാരിച്ചു.