നവകേരള സദസിനായി സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ കെഎസ് യു ഹൈക്കോടതിയിലേക്ക്. തെളിവുകൾ സഹിതം കെഎസ് യു ഇന്ന് കോടതിയില്‍ ഹർജി നല്‍കും. നവ കേരള സദസ്സിന്‍റെ വാഹനം സഞ്ചരിച്ച വഴിയിൽ സ്കൂൾ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതടക്കം ചൂണ്ടികാട്ടിയാണ് ഹർജി. തിരുവനന്തപുരത്ത് നവ കേരളസദസിന് അഭിവാദ്യം അർപ്പിച്ച് ബോർഡ് സ്ഥാപിക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം ലഭിച്ചെന്നും കെഎസ് യു കുറ്റപ്പെടുത്തി.
സ്കൂള്‍ കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നല്‍കിയിരുന്നു. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് നിർദ്ദേശം നൽകിയിരുന്നത്. നവകേരള സദസിലേക്ക് സ്കൂൾ ബസുകൾ വിട്ടു കൊടുക്കാനുള്ള നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്കൂൾ കുട്ടികളെ നിർബന്ധമായും സദസിൽ പങ്കെടുപ്പിക്കണമെന്ന് ഡിഇഒ കർശന നിർദേശം നല്‍കിയത്.
താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളിൽ നിന്നായി കുറഞ്ഞത് നൂറുകുട്ടികളെയും എത്തിക്കണമെന്നായിരുന്നു നിർദേശം. അതേസമയം അച്ചടക്കമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് കൊണ്ടുപോകണമെന്നും നിർദേശത്തിലുണ്ടായിരുന്നു. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ അധ്യാപകർക്ക് മുകളിൽ നിന്നുള്ള ഉത്തരവെന്നായിരുന്നു ഡിഇഒയുടെ മറുപടി. നിർബന്ധപൂർവ്വം കുട്ടികളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നും പഠനത്തിന്‍റെ ഭാഗമായി നൽകിയ നിർദേശമെന്നുമാണ് ഡിഇഒ വിശദീകരണം നല്‍കിയത്.