ആലപ്പുഴ: കരുവന്നൂരിന് പിന്നാലെ, വർഷങ്ങളായി സിപിഎം ഭരണം കയ്യാളുന്ന ചെങ്ങന്നൂർ പുന്തല സർവീസ് സഹകരണ ബാങ്കിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി നിക്ഷേപകർ. കാലാവധി കഴിഞ്ഞിട്ടും പണം നൽകുന്നില്ലെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു.
സഹകരണ ബാങ്കുകളിലെ സിപിഎം അഴിമതിയുടെ പുതിയ കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വർഷങ്ങളായി സിപിഎം ഭരിക്കുന്ന പുന്തല ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതിയിൽ നിലവിലുണ്ട്. വാർഷിക പൊതുയോഗം നടത്തി വാർഷിക റിപ്പോർട്ടും കണക്കും ഇതുവരെയും അവതരിപ്പിച്ചിട്ടില്ല. നിക്ഷേപ കാലാവധിയും ചിട്ടി കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നൽകുന്നില്ല എന്നാണ് നിക്ഷേപകരുടെ പരാതി. ഭരണസമിതിയും സഹകരണ ഡിപ്പാർട്ട്മെന്‍റും തമ്മിലുള്ള ബന്ധമാണ് നിക്ഷേപകർ കാലങ്ങളായി ചതിക്കപ്പെടുവാനുള്ള കാരണം.
അതേസമയം പണം ലഭിക്കാനുള്ളവർ നിക്ഷേപ കൂട്ടായ്മ രൂപീകരിക്കുകയും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മന്ത്രി സജി ചെറിയാനും പരാതികൾ നൽകിയിട്ടും നാളിതുവരെ ഫലമുണ്ടായിട്ടില്ല. അടിയന്തരമായി സർക്കാർ ഇടപെട്ട് നിക്ഷേപകരുടെ തുക തിരികെ നൽകുന്നതിലും തട്ടിപ്പുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് നിക്ഷേപക കൂട്ടായ്മ വ്യക്തമാക്കുന്നത്.