‘അന്വേഷണം വഴിമുട്ടി, ഇനി മുഖ്യമന്ത്രിയെ കാണാന്‍ പോകുന്ന കാര്യം ആലോചിക്കുന്നില്ല’; പ്രതിപക്ഷ നേതാവിനെ കണ്ട് സിദ്ധാർത്ഥന്‍റെ അച്ഛന്‍

Jaihind Webdesk
Tuesday, March 26, 2024

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വസതിയിലെത്തി കണ്ട് പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ ക്രൂരമായ റാഗിംഗിന് ഇരയായി മരിച്ച വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ പിതാവ് ജയപ്രകാശ്. കേസില്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്ന് ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് അന്വേഷണം ഏറെക്കുറെ അവസാനിപ്പിച്ചെന്നും സിബിഐ അന്വേഷണം ഒന്നുമായിട്ടില്ലെന്നും സിദ്ധാർത്ഥന്‍റെ പിതാവ് ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ല. അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിനു മുന്നിൽ സമരമിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജയപ്രകാശ്.

സഹായിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണാൻ വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നീതി തേടി പോകേണ്ടത് ഭരണപക്ഷത്തുള്ളവരുടെ അടുത്താണെങ്കിലും, അവരുടെ അടുത്തു പോയാൽ എന്തു സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലോയെന്നും ജയപ്രകാശ് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും ഡീനിനെതിരെയും നടപടി വേണമെന്നും ജയപ്രകാശ് പറഞ്ഞു. മാസങ്ങളായി തന്‍റെ മകന്‍ പീഡനം അനുഭവിച്ചിരുന്നുവെന്നാണ് വ്യക്തമാകുന്നത്. എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണ് എല്ലാം നടന്നതെന്നും അദ്ദേഹം ആവർത്തിച്ചു.

“ഈ എട്ടു മാസം വെറുതേ പോയി ഒപ്പിടുകയായിരുന്നില്ല. ഒന്നുകിൽ വിവസ്ത്രനായോ അല്ലെങ്കിൽ മുട്ടിലിഴഞ്ഞു ചെന്നോ വേണം ഒപ്പിടാൻ. അതാണ് അവരുടെ രീതി. അതാണ് അവരുടെ കോടതി. ഇക്കാലത്തിനിടെ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിലെ ഒരാൾ പോലും അവിടെ ചെന്നിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ? അവനെ തീർക്കാൻ പ്ലാനിട്ടതും അവരെല്ലാം ചേർന്നാണ്. അല്ലെങ്കിൽ അവനെ വിട്ടേക്കാൻ അവർ പറയുമായിരുന്നില്ലേ? 8 മാസത്തിനിടെ നടന്ന ക്രൂരത അവരുടെ അറിവോടെയാണെന്ന് വ്യക്തമാണ്” – ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

‘‘അന്വേഷണം എവിടെയോ വഴിമുട്ടി നിൽക്കുകയാണ്. പോലീസ് അന്വേഷണം അവസാനിപ്പിച്ചു. സിബിഐ ഇതുവരെ വന്നിട്ടുമില്ല. എനിക്ക് എവിടെയെങ്കിലും എന്റെ ആവലാതികൾ പറയേണ്ടേ? എന്നെ സഹായിക്കുമെന്ന് ഉറപ്പുള്ളവരുടെ അടുത്ത് എനിക്കു പോകണം. ഇത്രയും കാലം രാഷ്ട്രീയപരമായി ചിന്തിക്കുക പോലും ചെയ്യാതെ എന്നെ സഹായിച്ച കുറച്ചുപേരുണ്ടായിരുന്നു. അതിൽ ഉൾപ്പെട്ടയാളാണ് വി.ഡി.സതീശൻ സാറും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരും. ഇതുവരെ കേസിന്‍റെ ഭാഗമായി പലരേയും കണ്ടിട്ടുണ്ട്. എനിക്ക് വിശ്വാസമുള്ളവരുടെ അടുത്താണ് ഇപ്പോൾ പോകുന്നത്. വിശ്വാസമുള്ളതുകൊണ്ടാണ് ഇപ്പോൾ ഇവിടെ വന്നതും. ഭരണപക്ഷത്തുള്ളവരുടെ അടുത്താണ് യഥാർത്ഥത്തിൽ സഹായം തേടി പോകേണ്ടത്. നീതി തേടേണ്ടതും അവരോടാണ്. പക്ഷേ, പോയിക്കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതിയെന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് അവിടേക്കു പോകാത്തത്. ഒരു ലാഭവും നോക്കാതെ എന്നെ സഹായിക്കാൻ ഇവരുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്”

മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ വിശ്വസിച്ചാണ് അന്ന് താന്‍ അവിടെനിന്ന് ഇറങ്ങിപ്പോന്നത്. എന്നാല്‍ അതിനുശേഷം ഇതുവരെയും ഒന്നും ഉണ്ടായിട്ടില്ല. ഇനി അവിടേക്കു പോകുന്ന കാര്യം ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിനു മുന്നിൽ സമരമിരിക്കുമെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.