രമ്യ ഹരിദാസിനെതിരെ വിജയരാഘവന്റെ അശ്ലീല പരാമര്‍ശം : ഐജി അന്വേഷിക്കും

തിരുവനന്തപുരം : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പരാതി ഐജി അന്വേഷിക്കും. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ റേഞ്ച് ഐജിക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ലൈംഗിക ചുവയോടെ സംസാരിച്ചതിന് കേസെടുക്കണമെന്നാണ് ചെന്നിത്തല പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിജയരാഘവനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആലത്തൂര്‍ ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് മുനീര്‍ മാറഞ്ചേരിയും വിജയരാഘവനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെഭാഗമായി സംഘടിപ്പിച്ച എല്‍.ഡി.എഫ്. കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. ‘ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്’ എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

Comments (0)
Add Comment