കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അനാസ്ഥ പുറത്ത് നിന്നുള്ള വിദഗ്ദ്ധ സംഘം അന്വേഷിക്കണമെന്ന് ശുപാര്‍ശ

Jaihind News Bureau
Wednesday, October 21, 2020

കൊവിഡ് വാർഡുകളിലെ ചികിത്സയുമായി ബന്ധപ്പെട്ട് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിലുണ്ടായ അനാസ്ഥ പുറത്ത് നിന്നുള്ള വിദഗ്ദ്ധ സംഘം അന്വേഷിക്കണമെന്ന് ശുപാര്‍ശ. ആരോഗ്യ ഉന്നതവിദ്യഭ്യാസ ഡയറക്ടറാണ് സര്‍ക്കാരിന് ഇതു സംബന്ധിച്ച ശുപാർശ നൽകിയത്.

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡുകളിലെ ചികിത്സ പിഴവുമായി ബന്ധപ്പെട്ട് നിരവധിപ്പേര്‍ ഗുരുതര ആരോപണങ്ങളും പരാതിയുമായെത്തിയതിന്‍റെയും രാഷ്ട്രീയ യുവജന സംഘടനകൾ പ്രതിഷേധം ശക്തമാകുന്നതിന്‍റെയും പശ്ചാത്തലത്തിലാണ് പുറത്ത് നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്‍റെ അന്വേഷണത്തിന് സർക്കാറിന് ശുപാര്‍ശ നല്‍കിയത്. മെഡിക്കല്‍ കോളേജിന് പുറത്ത് നിന്നുള്ള വിദഗ്ദ്ധരടങ്ങിയ സംഘം അന്വേഷിച്ചാല്‍ മാത്രമേ സത്യാവസ്ഥ പുറത്തുവരികയുള്ളൂ എന്നാണ് മെഡിക്കൽ കോളജിൽ നടന്ന സംഭവ വികാസങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ആരോഗ്യ ഉന്നത വിദ്യഭ്യാസ ഡയറക്ടറുടെ നിലപാട്.

അതേസമയം ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസർ ജലജ ദേവിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ വാർഡുകളിലെയും ആരോഗ്യ പ്രവർത്തകരുടെയും അനാസ്ഥ പൊതു സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തിയതിനെതുടര്‍ന്ന് തനിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന ഭീതിയുണ്ടെന്ന് കാട്ടി ഡോക്ടര്‍ നജ്മ കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. നജ്മയുടെ ആരോപണത്തെകുറിച്ചും നഴ്സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതിനെകുറിച്ചും അന്വേഷണം നടത്താന്‍ ആര്‍എംഇ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം കൊവിഡ് രോഗി സി.കെ ഹാരിസ് മെഡിക്കല്‍ കോളേജില്‍ ഓക്സിജൻ ലഭിക്കാതെ മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സംഘം മെഡിക്കല്‍ കോളേജിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കളമശ്ശേരി പൊലീസ് സംഘമാണ് മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ കിട്ടിയ ശേഷം ജീവനക്കാരുടെ മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ചികിത്സാ അനാസ്ഥ ആരോപിക്കപ്പെടുന്ന കേസുകളില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമെ കേസടുക്കാനാകൂ. ജീവനക്കാരുടെ മൊഴി എടുത്ത ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.