സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങളെ വിമർശിച്ച ഐ.എൻ.ടി.യു.സി നേതാവിന് സി.പി.എമ്മിന്‍റെ ഭീഷണി; പ്രസംഗത്തിനിടെ മൈക്ക് ഓഫാക്കി വേദിയിൽ നിന്ന് ഇറക്കിവിട്ടു; തല്ലുമെന്നും ഭീഷണി

സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങളേയും സ്ഥിരപ്പെടുത്തലുകളെയും വിമർശിച്ച പ്രാസംഗികന് നേരെ സിപിഎമ്മിന്‍റെ ഭീഷണി. ഐ.എൻ.ടി.യു.സി നേതാവായ സുധീർ മലയിലിനെയാണ് പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ വേദിയിൽ നിന്ന് ഇറക്കി വിട്ടത്. സി.പി.എം പ്രവർത്തകരും ഫാമിംഗ് കോർപ്പറേഷൻ അധികൃതരുമാണ് തൊഴിലാളി നേതാവായ സുധീർ മലയിലിനെതിരെ അക്രമം അഴിച്ചുവിട്ടത്.

കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിനെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ചടങ്ങില്‍ മന്ത്രിയുടെ അഭാവത്തില്‍ കെ.ബി ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുയായിരുന്നു. ഉദ്ഘാടനം നിർവഹിച്ചു എം.എൽ.എ മടങ്ങിയതിന് ശേഷമാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്.

പത്തനാപുരത്തെ ഹൈടെക് നഴ്‌സറി തുടങ്ങുന്ന സ്ഥലത്ത് മുൻപ് കൊണ്ടുവന്ന മൂന്നു പദ്ധതികളും പരാജയമായിരുന്നെന്നും തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്നും സുധീർ മലയിൽ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ബന്ധുനിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും കോർപ്പറേഷനെ തകർക്കുകയാണെന്നും ഇതിനെതിരേ അടുത്തിടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ സമരം നടത്തിയ കാര്യവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ഇതോടെ വേദിയിലുണ്ടായിരുന്ന എൽ.ഡി.എഫ് പ്രവർത്തകരും, അധികൃതരും ചാടിയെഴുന്നേറ്റ് ഭീഷണി മുഴക്കുകയുമായിരുന്നു. ആശംസ പറയാൻ വന്നവർ അത് ചെയ്താൽ മതിയെന്നും ഇല്ലെങ്കിൽ തല്ലു വാങ്ങുമെന്ന ആക്രോശത്തോടെ മൈക്ക് ഓഫാക്കി ഇവർ സുധീറിനെ പുറത്താക്കുയായിരുന്നു. മൈക്ക് പിടിച്ചുവാങ്ങി വേദിയിൽനിന്ന്‌ സുധീറിനെ ഇറക്കിവിട്ടതോടെ യോഗം അലങ്കോലമായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും പറക്കോട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ തുളസീധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സുധീറിനെതിരെ ആക്രോശിച്ചെത്തിയത്. മറ്റ് തൊഴിലാളികള്‍ ഇടപെട്ട് സുധീറിനെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയതിനാല്‍ സംഘര്‍ഷം ഒഴിവായി.

Comments (0)
Add Comment