സിനിമാ സ്റ്റൈല്‍ ചവിട്ട്, അസഭ്യവർഷം; മദ്യലഹരിയില്‍ നാട്ടുകാരെയും എസ്ഐയെയും മർദ്ദിച്ച യുവതി അറസ്റ്റില്‍

Jaihind Webdesk
Tuesday, December 26, 2023

 

കണ്ണൂർ: മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്.  വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്ഐ ദീപ്തിയെ ആക്രമിച്ചത്. നടുറോഡിൽ നാട്ടുകാർക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. മദ്യലഹരിയിൽ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും ആക്രമണം തുടർന്നു. പിന്നീട്  തലശേരി എസ്ഐ ദീപ്തിയെത്തി ഇവരെ അറസ്റ്റ് ചെയ്തു. തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വഴി ഇവർ എസ്ഐയേയും ആക്രമിക്കുകയായിരുന്നു. ഈ കേസിലാണ് റസീന അറസ്റ്റിലായത്.

നേരത്തേയും മാഹിയിലും തലശേരിയിലും ഇവർക്കെതിരെ കേസുണ്ട്. നിരവധി കേസുകളിൽ പ്രതിയാണ് റസീനയെന്നാണ് പോലീസ് പറയുന്നത്. ഇവർ മുമ്പും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. കോടതിയിൽ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.