മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് അസഹിഷ്ണുത: കെ.സി.വേണുഗോപാല്‍

Jaihind Webdesk
Thursday, July 4, 2024

 

തിരുവനന്തപുരം: ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് അസഹിഷ്ണുതയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. പ്രിയദര്‍ശിനി ആമസോണ്‍ സ്റ്റോര്‍ബുക്ക് ഫ്രണ്ടിന്‍റെയും,വെബ് സൈറ്റിന്‍റെയും ലോഞ്ചിംഗ്, നാല് പുസ്തകങ്ങളുടെ പ്രകാശനം എന്നിവ തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരക്കാര്‍ക്ക് ഇതേ മാധ്യമങ്ങള്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും വിമര്‍ശിക്കുമ്പോള്‍ അവ നല്ലതായി മാറുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ സ്തുതിപാടകരെ മാത്രം കേട്ടുശീലിച്ചവര്‍ക്ക് അത് മാത്രമായിരിക്കണം മാധ്യമങ്ങളുടെ ജോലിയെന്നാണ് കരുതുന്നത്. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ ഉണ്ടാകുമ്പോള്‍ അസഹിഷ്ണുത കാട്ടുന്നവരാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നത്. ഇത്തരക്കാര്‍ ബഹിഷ്‌കരിച്ചത് കൊണ്ട് തകര്‍ന്ന് പോകുന്ന പത്രങ്ങളല്ല മാതൃഭൂമിയും മനോരമയും. ബഹിഷ്‌കരണം അര്‍ത്ഥശൂന്യമായ തീരുമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാഹിത്യകാരന്‍മാര്‍ സമൂഹത്തിന്‍റെ സമ്പത്താണ്. വര്‍ത്തമാനകാലത്തിന്‍റെ നന്മ തിന്മകളെ കുറിച്ച് സാഹിത്യകാരന്‍മാരുടെ അഭിപ്രായം നാടിന്‍റെ പൊതു അഭിപ്രായമായിട്ടാണ് രേഖപ്പെടുത്തുന്നത്. ആരുടെയെങ്കിലും ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് അഭിപ്രായം പറയേണ്ടവരല്ല സാഹിത്യനായകന്‍മാര്‍. സമീപകാലത്ത് രാഷ്ട്രീയം പറയുമ്പോള്‍ പലരും സ്വയം വിലനിര്‍ണ്ണയിക്കാന്‍ മറന്നുപോകുന്ന പശ്ചാത്തലമാണുള്ളത്. വിമര്‍ശനങ്ങളാണ് പൊതുപ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് പ്രവര്‍ത്തിക്കാന്‍ കരുത്ത് പകരുന്നതെന്നും അത്തരം വിമര്‍ശനങ്ങള്‍ ചിലര്‍ക്ക് നോവുന്നത് കുറ്റംചെയ്തുയെന്ന് ബോധ്യമുള്ളതുകൊണ്ടാണെന്നും എം.ടി.വാസുദേവന്‍ നായരുടേയും എം.മുകന്ദന്‍റെയും രാഷ്ട്രീയ വിമര്‍ശനങ്ങളെ പരാമര്‍ശിച്ച് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യം ശക്തിപ്പെടുന്നത് എതിര്‍ ശബ്ദങ്ങളെ കേള്‍ക്കുമ്പോഴാണ്. അത് കേള്‍ക്കാനുള്ള കടമ ഭരണാധികാരികള്‍ക്കുണ്ട്. ഭിന്നസ്വരം പ്രകടിപ്പിച്ചതിന്‍റെ പേരില്‍ മാധ്യമവേട്ട നടത്തിയ മോദിക്ക് ഇനിയത് നടക്കില്ലെന്ന് അടിവരയിടുന്ന ജനവിധിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. ഭരണാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുള്ള കടമ മാധ്യമങ്ങള്‍ക്കുണ്ട്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുകയാണ് സര്‍ക്കാരും രാഷ്ട്രീക്കാരും ചെയ്യേണ്ടത്. ഇക്കാര്യം മനസിലാക്കി വേണം സിപിഎം കേരളത്തില്‍ തിരഞ്ഞെുപ്പ് പരാജയം വിശകലനം ചെയ്യേണ്ടത്. വിമര്‍ശനങ്ങളെ സഹിഷ്ണതയോടെ ഉള്‍ക്കൊള്ളുന്നവര്‍ക്ക് സമൂഹത്തിലും ജനങ്ങളുടെ മുന്നിലും സ്ഥാനം ഉണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

സാംസ്‌കാരിക വിനിമയത്തിന്‍റെ ഭാഗമായി പൊതുജനങ്ങളില്‍ വയനാസംസ്‌കാരം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ പങ്ക് വലുതാണെന്നും ചുരുങ്ങിയ കാലം കൊണ്ട് പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്ന തരത്തിലേക്ക് നിരവധി സാഹിത്യസദസ്സുകള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും നേതൃത്വം നല്‍കാനായെന്നും കെപിസിസി പ്രസിഡന്‍റും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്‍റെ ചെയര്‍മാനുമായ കെ.സുധാകരന്‍ എംപി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന തെറ്റുകളെ ചൂണ്ടിക്കാട്ടി അത് തിരുത്തിക്കുവാനുള്ള പ്രവര്‍ത്തനം സാഹിത്യനായകരുടെയും മാധ്യമങ്ങളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കെ. സുധാകരന്‍ പറഞ്ഞു.