അഭിമുഖ വിവാദം: മുഖ്യമന്ത്രി വീണിടത്ത് ഉരുണ്ടുകളിക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

Thursday, October 3, 2024

 

തിരുവനന്തപുരം: മലപ്പുറം പരാമര്‍ശവുമായി ബന്ധപ്പെട്ട ‘ദ ഹിന്ദു’ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി വീണിടത്ത് ഉരുണ്ടുകളിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി.

അഭിമുഖത്തിലെ മലപ്പുറത്തെ കുറിച്ചുള്ള വിവാദ പരാമര്‍ശം പി.ആര്‍ ഏജന്‍സികളുടെ പ്രതിനിധികള്‍ എഴുതി നല്‍കിയതാണെന്നാണ് ദി ഹിന്ദു പത്രം വിശദീകരിച്ചത്. പി.ആര്‍ ഏജന്‍സികളുടെ പ്രതിനിധികള്‍ക്ക് അഭിമുഖത്തിലുള്ള പങ്ക് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി പി.ആര്‍.ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ വെള്ളത്തിന് തീപിടിപ്പിക്കുന്ന വിഭാഗീയ പ്രവര്‍ത്തനം ഒരു സംസ്ഥാനത്തിന്‍റെ പേരില്‍ നടത്തിയ സ്ഥാപനത്തിനെതിരെ കേസെടുക്കുകയല്ലെ ചെയ്യേണ്ടത് ? എന്നാലതിന് മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഇതില്‍ നിന്ന് തന്നെ അത്തരം ഒരു പരാമര്‍ശം ഒരു കൈപ്പിഴയല്ലെന്നും ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ടെന്നും വ്യക്തമാണ്. മുഖ്യമന്ത്രിയുടെ അറിവും സമ്മതത്തോടെയുമാണ് ദി ഹിന്ദു അഭിമുഖത്തില്‍ അങ്ങനെയൊരു പരാമര്‍ശം ഉണ്ടായതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

ബിജെപിയുടെ ആശയങ്ങളും നയങ്ങളും സ്വരവും സിപിഎം കടമെടുക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ ഒരു എഡിജിപിയെ അന്വേഷണമെന്ന പുകമറയില്‍ നിര്‍ത്തി തുടരെ സംരക്ഷണം നല്‍കുന്നത്. സിപിഐയുടെ ആവശ്യത്തെപ്പോലും മുഖ്യമന്ത്രി അവഗണിച്ചാണ് ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ സംരക്ഷിക്കുന്നത്. പൂരം കലക്കിയതിലും സിപിഎമ്മിനും ബിജെപിയ്ക്കും പങ്കുണ്ട്. അതിന് ചട്ടുകമായി പ്രവര്‍ത്തിച്ച എഡിജിപിക്കെതിരെ ഇപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച എല്ലാ അന്വേഷണങ്ങളും വെറും പ്രഹസനമാണ്. പൂരം കലക്കിയതിലെ പ്രതികളെ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ  മാത്രമെ കഴിയൂ എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.