വാഷിംഗ്ടണ്‍: ലോകത്തെ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ നടത്തിയ ഇടപെടലുകള്‍ക്ക് നോബല്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏഴ് സംഘര്‍ഷങ്ങളില്‍ താന്‍ ഇടപെട്ടെന്നും അതിനാല്‍ ഏഴ് നോബല്‍ സമ്മാനങ്ങളെങ്കിലും തനിക്ക് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കന്‍ കോര്‍ണര്‍സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്റെ അത്താഴവിരുന്നില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം താന്‍ ഇടപെട്ട് അവസാനിപ്പിച്ചുവെന്ന് ട്രംപ് ആവര്‍ത്തിച്ചു. വെടിനിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ വ്യാപാര കരാറില്‍ നിന്ന് പിന്‍മാറുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആണവ ശക്തികളായ ഈ രാജ്യങ്ങള്‍ സംഘര്‍ഷം അവസാനിപ്പിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. താന്‍ ഇടപെട്ട സംഘര്‍ഷങ്ങളില്‍ 60%വും വ്യാപാര കരാറുകള്‍ ഉപയോഗിച്ചാണ് അവസാനിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു.
റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള തന്റെ ബന്ധത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പുടിന്‍ തന്നെ നിരാശപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഏതെങ്കിലും ഒരു മാര്‍ഗം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും ട്രംപ് വാദിച്ചു.
ട്രംപിന്റെ ‘അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലെ മധ്യസ്ഥതാ’ വാദത്തിന് യു.എസ്. കോണ്‍ഗ്രസ് അംഗം ബൈറണ്‍ ഡൊണാള്‍ഡ്സിന്റെ ഒരു ‘എക്സ്’ പോസ്റ്റും പിന്തുണ നല്‍കുന്നുണ്ട്. വിവിധ രാജ്യങ്ങള്‍ തമ്മിലുണ്ടായ 11 സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെട്ടെന്നായിരുന്നു ബൈറണ്‍ ഡൊണാള്‍ഡ്സിന്റെ അവകാശവാദം. അര്‍മേനിയ-അസര്‍ബൈജാന്‍, കംബോഡിയ-തായ്ലന്‍ഡ്, കോംഗോ-റവാണ്ട, ഈജിപ്ത്-എത്യോപ്യ, സെര്‍ബിയ-കൊസോവോ, ഇന്ത്യ-പാകിസ്ഥാന്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ക്കൊപ്പം ഇസ്രായേലും മറ്റ് ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളും അദ്ദേഹം പങ്കുവെച്ച പട്ടികയിലുണ്ട്. ഇറാന്‍, മൊറോക്കോ, സുഡാന്‍, യു.എ.ഇ, ബഹ്റൈന്‍ എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.