ലഖിംപുർ കൂട്ടക്കൊലക്കേസ് : മന്ത്രി പുത്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി

Jaihind Webdesk
Saturday, October 9, 2021

ലഖ്നൗ : ലഖിംപുരില്‍ കര്‍ഷകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉത്തര്‍ പ്രദേശ് പൊലീസിന് മുന്നില്‍ ഹാജരായി. സംഭവത്തില്‍ ആരോപണവിധേയനാണ് ആശിഷ് മിശ്ര. ലഖിംപുറിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ആശിഷ് ചോദ്യം ചെയ്യലിന് ഹാജരായത്.

കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ട് വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  ശനിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച പൊലീസ് സമന്‍സ് നല്‍കിയിരുന്നു.

ഒക്ടോബര്‍ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ സംഘര്‍ഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ആശിഷ് മിശ്ര സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു.  അതേസമയം സംഭവസ്ഥലത്ത് തങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് കേന്ദ്രമന്ത്രിയുടെയും മകന്‍റെയും വാദം.

തുടക്കം മുതല്‍ തന്നെ മന്ത്രിയെയും മകനെയും സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ യുപി പൊലീസിന്‍റെ കടുത്ത പ്രതിരോധത്തെയും മറികടന്ന് ഇരകളുടെ വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പ്രതിരോധത്തിലായ ബിജെപി സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തോടെ സമ്മർദ്ദത്തിലാവുകയായിരുന്നു. ഇതുവരെ എത്രപേരെ അറസ്റ്റ് ചെയ്തെന്ന് ആരാഞ്ഞ കോടതി കേസിലെ തല്‍സ്ഥിതി റിപ്പോർട്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് തിരക്കിട്ട് ചിലരെ കസ്റ്റഡിയിലെടുക്കുകയും മന്ത്രിപുത്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തതെന്നത് ശ്രദ്ധേയമാണ്.