സാങ്കേതിക തകരാര്‍: ട്രിച്ചിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി; 160 യാത്രക്കാര്‍ സുരക്ഷിതം

Jaihind News Bureau
Monday, December 1, 2025

ട്രിച്ചി: 160 യാത്രക്കാരുമായി ട്രിച്ചി വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് (വിമാന നമ്പര്‍ IXO61) വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരികെ ഇറക്കി. പറന്നുയര്‍ന്ന അതേ വിമാനത്താവളത്തില്‍ത്തന്നെയാണ് വിമാനം നിലത്തിറക്കിയത്.

ഉച്ചയ്ക്ക് 12.45-ന് പുറപ്പെടേണ്ട വിമാനം വൈകി 1.55-നാണ് പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനത്തില്‍ സാങ്കേതിക തകരാര്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. അപകട സാധ്യത ഒഴിവാക്കാന്‍, ഇന്ധനം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി വിമാനം ഏകദേശം രണ്ട് മണിക്കൂറോളം തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയില്‍ ചുറ്റിപ്പറന്നു. ഉച്ചകഴിഞ്ഞ് 3.53-നായിരുന്നു എമര്‍ജന്‍സി ലാന്‍ഡിങ്.

വിമാനം വൈകുന്നതിനെക്കുറിച്ചോ അടിയന്തര ലാന്‍ഡിംഗിനെക്കുറിച്ചോ ദുബായിലുള്ള ബന്ധുക്കള്‍ക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. നാല് മണിക്കൂറും 45 മിനിറ്റും യാത്രാ ദൈര്‍ഘ്യമുള്ള വിമാനം ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ പരിശോധിച്ചപ്പോഴാണ് തിരുച്ചിറപ്പള്ളി വിട്ടിട്ടില്ലെന്ന് അവര്‍ മനസ്സിലാക്കിയത്. നാഗപട്ടണം മുന്‍ എം.എല്‍.എ. തമീം അന്‍സാരിയുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്നു. ദുബായിലേക്കുള്ള യാത്രക്കാരെ എത്തിക്കുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.