അന്തർദേശീയ ബാലികാ ദിനം

B.S. Shiju
Sunday, October 11, 2020

ലോകം ഇന്ന് അന്തർദേശീയ ബാലികാ ദിനം ആചരിക്കുന്നു. പെൺകുട്ടികളുടെ അവകാശ സംരക്ഷണത്തിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുമ്പോൾ പെൺകുട്ടികൾ സമൂഹത്തിൽ സുരക്ഷിതരാണോ എന്ന ചോദ്യവും ഇന്നും ബാക്കിയാകുകയാണ്.

പെൺകുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാനും ലിംഗവിവേചനത്തിനെതിരെ പോരാടാനുമാണ് ബാലികാദിനം ആചരിച്ചു തുടങ്ങിയത്. സുരക്ഷക്കും സംരക്ഷണത്തിനുമായി നിയമങ്ങളും സർക്കാരും ഉണ്ടെന്ന് പറയുമ്പോഴും അവകാശങ്ങൾക്ക് മുന്നിൽ അതിർവരമ്പ് കല്പിക്കപ്പെടുന്ന സമൂഹങ്ങളും മാംസക്കൊതി പൂണ്ട കരങ്ങൾ മറഞ്ഞിരിക്കുന്ന പകൽവെളിച്ചത്തെപ്പോലും ഭയത്തോടെ നോക്കികാണേണ്ടിവരുന്ന സാഹചര്യമാണ് ഇന്ന് പെൺകുട്ടികൾ സമൂഹത്തിൽ നേരിടുന്നത്. ലോകത്ത് പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിൽ തന്നെ ശൈശവ വിവാഹം, ബാലവേല, ലിംഗഅസമത്വം, ശാരീരിക പീഡനം അങ്ങനെ എണ്ണംപറഞ്ഞ ദുരന്തങ്ങൾ പെൺകുഞ്ഞുങ്ങൾ സഹിക്കുന്നുണ്ട്. രാജ്യത്ത് പ്രതിദിനം ഇത്തരത്തിലുള്ള നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പിഞ്ചുപെൺകുട്ടികളെ പോലും വെറുതെവിടാതെ ക്രൂരതയ്ക്കിരയാകുന്നവർക്കതിരെ ശക്തമായ നിയമസംവിധാനം വരേണ്ടിയിരിക്കുന്ന സമയം അതിക്രമിച്ചിരിക്കുന്നു എന്നുള്ളതും ഈ ദിവസത്തിൽ പ്രാധാന്യമർഹിക്കുന്നു. നീതിക്കായുള്ള പോരാട്ടങ്ങളും അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങളും മുഴങ്ങുന്ന നമ്മുടെ രാജ്യത്ത് മനുഷ്വത്വമെന്ന നീതി പോലും നിഷേധിക്കപ്പെടുന്നു. രാജ്യം കണ്ട ക്രൂരമായ നിർഭയ സംഭവത്തിലെ പ്രതികൾക്ക് വധശിക്ഷ തീർപ്പാക്കിയിൽ അഭിമാനം കൊള്ളുമ്പോഴും പിന്നീട് ഇങ്ങോട്ട് അതിലും ക്രൂരമായ പീഡനങ്ങളാണ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ലൈംഗീകാതിക്രമങ്ങളിൽ രാജ്യം തലകുനിക്കുമ്പോഴും കുറ്റവാളികളെ കണ്ടെത്താനാകാത്തതിലും ശിക്ഷിക്കാനാകാത്തതിലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥ തന്നെ ലോകത്തിന് മുന്നിൽ പരിഹാസരാകുകയാണ്. ഒടുവിൽ ഹത്രാസിൽ നടന്ന സംഭവവും അതിനുദാഹരണമാണ്. കേരളത്തിൽ തന്നെ ഇന്നും നീതിക്കായി പോരാടുന്ന വാളയാർ കേസും വരെയുള്ളത് ചൂണ്ടിക്കാട്ടുന്നത് ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നിയമസംവിധാനം വരേണ്ടുന്നതിന്റെ ആവശ്യകതയാണ്. അതേസമയം വീട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടക്കം ശാരീരികമായും മാനസികമായും പീഡനങ്ങൾക്ക് ഇരയായി ചെറുപ്രായത്തിൽ ആത്മഹത്യയിൽ അഭയം തേടുന്നവർ മുതൽ ഒന്നും പുറത്ത് പറയാനാകാതെ ഭീതിയിൽ കഴിയുന്ന പെൺകുട്ടികൾവരെ ഇന്നും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ കുട്ടികളുടെ പല പ്രശ്‌നങ്ങളും കൃത്യസമയത്ത് കണ്ടെത്താൻ രക്ഷാകർത്താക്കൾക്കോ അദ്ധ്യാപകർക്കോ കഴിയാത്തതും ഗുരുതര കാരണമാകുകയാണ്. അതിനാൽ തന്നെ നിയമസംഹിതകൾ ശക്തിപ്പെടാത്ത പക്ഷം പെൺകുഞ്ഞുങ്ങളുടെ സുരക്ഷിതത്വവും ചോദ്യചിഹ്നമായി തുടരുകയാണ്.