
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ രാജ്യാന്തര കള്ളക്കടത്തുബന്ധം ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അന്വേഷണസംഘത്തിന് കത്തുനല്‍കിയത് കേസില്‍ വഴിത്തിരിവായി. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന അന്വേഷണം ഇനി വിദേശത്തേക്കും വ്യാപിപ്പിക്കേണ്ടിവരും. ചെന്നൈയിലെ ഒരു പുരാവസ്തു വ്യാപാരിയും രാജ്യാന്തരതലത്തില്‍ ഈ വ്യാപാരം നിയന്ത്രിക്കുന്ന ഗള്‍ഫിലെ ഒരു വ്യവസായിയും പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണ പരിധിയിലേക്ക് വരുമെന്നാണ് സൂചന.
പ്രധാന പ്രതികളിലൊരാളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി താന്‍ സ്വര്‍ണം വിറ്റത് ബെള്ളാരിയിലെ ഗോവര്‍ധന്‍ എന്ന സ്വര്‍ണവ്യാപാരിക്കാണെന്ന് മൊഴി നല്‍കിയിരുന്നു. ഗോവര്‍ധന്റെ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണക്കട്ടി ഉള്‍പ്പെടെ 600 ഗ്രാം സ്വര്‍ണം തൊണ്ടിമുതലായി അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, അതിനുശേഷം അന്വേഷണം കാര്യമായി മുന്നോട്ടുപോയില്ല.
യു.ബി. ഗ്രൂപ്പ് 1998-ല്‍ പൊതിഞ്ഞ സ്വര്‍ണം തന്നെയാണോ ബെള്ളാരിയില്‍നിന്ന് കണ്ടെടുത്തത്, അതുപോലെ ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളയിലും നിലവില്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണവും പഴയ സ്വര്‍ണവും തമ്മില്‍ വ്യത്യാസമുണ്ടോ എന്നതിനെക്കുറിച്ചുള്ള പരിശോധന തിരുവനന്തപുരത്തെ വി.എസ്.എസ്.സി. ലാബില്‍ നടക്കുകയാണ്. അടുത്തയാഴ്ച വരാനിരിക്കുന്ന ഈ പരിശോധനാ ഫലം കേസില്‍ നിര്‍ണ്ണായകമാകും. ബെള്ളാരിയില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണം ശബരിമലയിലേതല്ലെങ്കില്‍, യഥാര്‍ഥ സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടു എന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തും.
കേസ് ആദ്യം അന്വേഷിച്ച ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ തന്നെ, സ്വര്‍ണപ്പാളികള്‍ മാറ്റി പുതിയ ചെമ്പുപാളിയില്‍ സ്വര്‍ണം പൂശിയതാണെന്ന സംശയം ഉന്നയിച്ചിരുന്നു. യഥാര്‍ഥ സ്വര്‍ണപ്പാളികള്‍ വിദേശത്ത് വിലയേറിയ പുരാവസ്തുക്കള്‍ വാങ്ങുന്ന വ്യവസായികളിലേക്ക് എത്തിയെന്ന ചില വിവരങ്ങള്‍ നേരത്തെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.