ചട്ടങ്ങള്‍ മറികടന്ന് അധ്യാപക നിയമനത്തിന് ഇടപെടല്‍ ; ജലീലിന്‍റെ നടപടി വിവാദത്തില്‍, ഗവർണർക്ക് പരാതി

Jaihind News Bureau
Wednesday, February 17, 2021

K.T-Jaleel

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ചട്ടവിരുദ്ധമായി കോളേജ് അധ്യാപക നിയമനത്തിന് കേരള സർവകലാശാല വി.സിക്ക് നിർദ്ദേശം നൽകിയത് വിവാദത്തില്‍. തുമ്പ സെന്‍റ് സേവ്യേഴ്‌സ് കോളേജിലെ ലാറ്റിൻ ഭാഷാ അധ്യാപകനെ ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കാനാണ് മന്ത്രിയുടെ നിർദേശം. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ ഗവർണർക്ക് പരാതി നൽകി. സർവകലാശാല ഭരണത്തിലും മാർക്ക് ദാനങ്ങളിലുമുള്ള മന്ത്രിയുടെ ഇടപെടലുകളിൽ ഗവർണർ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ചട്ടവിരുദ്ധമായി കോളേജ് അധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ സുപ്രീം കോടതിവിധിയും മറികടന്ന് കേരള വൈസ് ചാൻസലർക്ക് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിൻ ഭാഷ അധ്യാപകനും പ്രിൻസിപ്പലുമായ ദാസപ്പനെയാണ് ചട്ടവിരുദ്ധമായി ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കുന്നതിനുള്ള അനുമതി നൽകാൻ മന്ത്രി കേരള സർവകലാശാലയ്ക്കും വിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകി യിരിക്കുന്നത്. യു.ജി.സി ചട്ടപ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിയിലൂടെ ഒരു വിഷയത്തിൽ നിയമിക്കുന്ന അധ്യാപകനെ മറ്റൊരു വിഷയത്തിലേക്ക് മാറ്റി നിയമിക്കുവാൻ പാടില്ലെന്ന് യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട് അനുശാസിക്കുന്നു. ഇതുസംബന്ധിച്ച സുപ്രീം കോടതിയുടെ വിധികൂടി ചൂണ്ടികാണിച്ച് സർവകലാശാല തള്ളിക്കളഞ്ഞ അപേക്ഷ പുനഃപരിശോധിക്കാനാണ് മന്ത്രി ഇപ്പോൾ വിസിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.ഇത് അനുവദിച്ചാൽ സൗകര്യപ്രദമായ വിഷയങ്ങളിൽ നിയമനങ്ങൾ നടത്തുന്നതിന് സ്വകാര്യ മാനേജ്മെന്‍റുകൾ നിരവധി അധ്യാപകരെ വിഷയം മാറ്റി നിയമിക്കാനുള്ള സാദ്ധ്യതകൾ വർധിക്കും. ഇത് ചട്ടപ്രകാരം രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റികളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന രീതിയിൽ ഗൗരവതരമാണ്.

ഇതിനുവേണ്ടി സർവകലാശാലയുടെയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം മന്ത്രിയുടെ ചേംബറിൽ വിളിച്ചുകൂട്ടിയാണ് മന്ത്രി ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. ചട്ടപ്രകാരം തള്ളിക്കളഞ്ഞ അപേക്ഷ മന്ത്രിയുടെ നിർദ്ദേശപ്രകാരം പുനഃപരിശോധിക്കാൻ വൈസ് ചാൻസലർ ഇന്നത്തെ സിൻഡിക്കേറ്റിന്‍റെ പരിഗണനയ്‌ക്ക് സമർപ്പിച്ചിരിക്കുകയാണ്. ഈ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.