
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും താല്‍പര്യം സംരക്ഷിക്കുന്നതല്ലെന്നും, ഇന്‍ഷുറന്‍സ് കമ്പനികളുടെ കച്ചവട താല്‍പര്യം മാത്രം ലക്ഷ്യമിടുന്നതാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് മേഖലയെ പൂര്‍ണമായും സ്വകാര്യവത്കരിക്കുന്നതിന് വഴിയൊരുക്കുന്ന രീതിയില്‍ വിദേശ നിക്ഷേപം നൂറുശതമാനമാക്കി വര്‍ധിപ്പിക്കുന്ന വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ കമ്മീഷന്‍ നിശ്ചയിക്കുന്ന അധികാരം കമ്പനികള്‍ക്ക് കൈമാറുന്നത് നീതികരിക്കാനാവില്ലെന്നും, പാര്‍ലമെന്റും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയും കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുനല്‍കുന്നതാണെന്നും എംപി വിമര്‍ശിച്ചു. ബില്ലിന്റെ തലക്കെട്ടും ഭാഷയും നിയമപരമായി ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും, പൂര്‍ണ വിദേശ നിക്ഷേപം അനുവദിക്കുന്ന ഈ ബില്ലിനെ ലോക്‌സഭയില്‍ ശക്തമായി എതിര്‍ത്തുവെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ വ്യക്തമാക്കി.