
മലപ്പുറം ജില്ലയിലെ തെന്നലയിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.വി. മജീദിനെതിരെ സ്ത്രീ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ പോലീസ് കേസെടുത്തു. വനിതാ ലീഗ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് കെ.വി. മജീദിനെതിരെ ചുമത്തിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവാദപരമായ പരാമർശം ഉണ്ടായത്.
“വോട്ടിനായി കെട്ടിക്കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത്” എന്ന തരത്തിലുള്ള പരാമർശമാണ് കെ.വി. മജീദ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാമർശം സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായ വിമർശനത്തിനും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ, കെ.വി. മജീദ് പരസ്യമായി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നുവെങ്കിലും നിയമനടപടി സ്വീകരിക്കുകയായിരുന്നു.