ദളിത് യുവതിക്കുണ്ടായ അപമാനം: ഒരു പോലീസ് ഉദ്യോഗസ്ഥനെ കൂടി സസ്‌പെന്‍ഡ് ചെയ്തു; ഇതൊക്കെ ആരുടെ മുഖം രക്ഷിക്കാന്‍?

Jaihind News Bureau
Wednesday, May 21, 2025

പേരൂര്‍ക്കടയില്‍ ദലിത് യുവതിയെ വ്യാജ മോഷണ കേസില്‍ കുടുക്കി പീഡിപ്പിച്ച കേസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. സംഭവ ദിവസം സ്റ്റേഷനിലെ ജി.ഡി ചാര്‍ജുള്ള എ.എസ്.ഐ പ്രസന്നനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബിന്ദുവിനോട് അസഭ്യം പറഞ്ഞത് പ്രസന്നനായിരുന്നു. കന്റോണ്‍മെന്റ് എ സിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവയമാണ് ജോലി ചെയ്തിരുന്ന വീട്ടിലെ മാല മോഷണം പോയി എന്ന പേരില്‍ ബിന്ദു എന്ന ദളിത് സ്ത്രീയെ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. മാല തിരികെ ലഭിക്കുകയും ബിന്ദു നിരപരാധിയാണെന്ന് തെളിയുകയും ചെയ്ത സാഹചര്യം ഉണ്ടായിട്ടും മണിക്കൂറുകളോളം ബിന്ദുവിനെ സ്‌റ്റേഷനില്‍ നിര്‍ത്തി അസഭ്യവര്‍ഷം ചൊരിയുകയും അപമാനിക്കുകയും ചെയ്തു. സ്റ്റേഷനില്‍ തനിക്കുണ്ടായ മോശം അനുഭവത്തില്‍ പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അടുക്കല്‍ ചെന്നപ്പോള്‍ അവിടെ നിന്നും തിക്താനുഭവമാണ് ആ സ്ത്രീ നേരിട്ടത്. തന്റെ പരാതി അയാള്‍ വായിച്ചു പോലും നോക്കാതെ വലിച്ചെറിഞ്ഞുവെന്നാണ് ബിന്ദു പറഞ്ഞത്.