തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസിലെ ധൂര്‍ത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്തുവന്നു.നവ കേരള സദസിനു പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചിലവിട്ടത് 2.86 കോടി രൂപ. ഇതിനു പുറമേ നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വെച്ച വകയില്‍ 2 കോടി 46 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു.ക്ഷണക്കത്ത് പ്രിന്റ് ചെയ്തതിന് 7.47 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതും വിവാദമായിരുന്നു .
ഇതിന്റെ മറവില്‍ നടന്ന സ്‌പോണ്‍സര്‍ഷിപ്പ് പിരിവ് ഉള്‍പ്പെടെ ഏറെ രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ത്തിയിരുന്നു.വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ്
കേരള സദസിന്റെ പ്രചരണത്തിനായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചിലവിട്ട കോടികളുടെ കണക്ക് പുറത്ത് വന്നത്. പുറത്തുവന്ന രേഖ പ്രകാരം പരസ്യ ബോര്‍ഡ് സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 2.86 കോടി രൂപയാണ്. ഇതില്‍55 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടുള്ളത്. ബാക്കി 2.31 കോടി രൂപ സ്വകാര്യ ഏജന്‍സിക്ക് സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിരിക്കുകയാണ്.
അതെസമയം നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വെച്ചതിന് 2 കോടി 46 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. കേരളത്തില്‍ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് 2.46 കോടിയായി ഉയരുകയായിരുന്നു.കെഎസ്ആര്‍ടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയില്‍വെ ജിംഗിള്‍സിന് 41.21 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരുന്നത്.നവകേരള കലാജാഥ നടത്താന്‍ 45 ലക്ഷം രൂപയാണ് സര്‍ക്കാര്‍ചെലവിട്ടത് .