ഇന്‍സ്റ്റഗ്രാം പ്രണയം, പെണ്‍കുട്ടിയെ പല തവണ പീഡിപ്പിച്ചു; ബിനോയി റിമാന്‍ഡില്‍

Jaihind Webdesk
Wednesday, June 19, 2024

 

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ നിര്‍ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. ബിനോയിയുടെ ഫോണിൽ നിന്നും പെൺകുട്ടിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു. പെണ്‍കുട്ടിയെ ഇയാള്‍ പലതവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി പോലീസ്. പോക്‌സോ ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ബിനോയിയെ സിജെഎം കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ 3 വര്‍ഷമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകും മുമ്പാണ് പീഡിപ്പിച്ചത്. 18 വയസാകുന്നതിനു മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാലാണ് പോക്‌സോ ചുമത്തിയത്. 5 മാസം മുമ്പ് ഇവര്‍ തമ്മില്‍ പിരിഞ്ഞു. അനധികൃതമായി ഗര്‍ഭഛിദ്രം നടത്തിയതിനു 312-ാം വകുപ്പും ചുമത്തിയിട്ടുണ്ട്.

ബിനോയ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് സൂചന. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബിനോയ് പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്. ഇതിന്‍റെ വിവരങ്ങളും ബിനോയിയുടെ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചു.