ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍

Jaihind Webdesk
Tuesday, June 18, 2024

 

തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയില്‍ ആൺസുഹൃത്ത് അറസ്റ്റില്‍.നെടുമങ്ങാട് സ്വദേശിയായ ബിനോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൂജപ്പുര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. രാവിലെ മുതൽ ബിനോയിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.

സംഭവത്തെപ്പറ്റി എഫ്ഐആറിൽ പറയുന്നത്: പെണ്‍കുട്ടിയും യുവാവും തമ്മില്‍ സ്‌നേഹബന്ധത്തിലായിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞു. എന്നാല്‍ ബിനോയിയുടെ വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പഠനത്തില്‍ ശ്രദ്ധിക്കാനും മാതാപിതാക്കള്‍ പറഞ്ഞു. രണ്ടു മാസം മുമ്പ് പെണ്‍കുട്ടിയും ബിനോയിയും തമ്മില്‍ പിണങ്ങി. ഇതിന്‍റെ മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി 10-ാം തീയതി രാത്രി വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. അനിയന്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.

പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ബിനോയിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. പോക്‌സോ വകുപ്പ് ചുമത്തുന്നതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് സൂചന. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന 18 കാരിയായ ഞാലിക്കോണം സ്വദേശി ആദിത്യ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന കുട്ടി 16-നാണ് മരിച്ചത്.