പ്രീണന പോസ്റ്റ് : ദിവ്യ എസ് അയ്യര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

Jaihind News Bureau
Friday, April 18, 2025

സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട കെ കെ രാഗേഷിനെ പ്രകീര്‍ത്തിച്ച് ഐഎ എസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യര്‍ നടത്തിയ പോസ്റ്റിനെതിരേ പരാതി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനാണ് പരാതി നല്‍കിയത്. സര്‍വ്വീസ് ചട്ടങ്ങളെ ലംഘിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടത്തിയ സാംസ്‌ക്കാരിക സെക്രട്ടറിയും വിഴിഞ്ഞം പോര്‍ട്ട് എംഡിയുമായ ദിവ്യ എസ് അയ്യര്‍ ഐ എ എസിനെതിരെ ചീഫ് സെക്രട്ടറിയ്ക്കും, പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്‍ഡ് പെന്‍ഷന്‍സ് മന്ത്രാലയത്തിനുമാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

IAS ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി ദിവ്യ പ്രവര്‍ത്തിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പുതിയതായി നിയമിതനായ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥയായ ദിവ്യ.എസ്. അയ്യര്‍ അവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അഭിവാദ്യം ചെയ്തത് IAS ഉദ്യോസ്ഥര്‍ പാലിക്കേണ്ട 1968 ലെ പെരുമാറ്റ ചട്ടത്തിലെ ചട്ടം (5) അനുശാസിക്കുന്ന രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരായിട്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു