വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ മിന്നല്‍ പരിശോധന; കൊടി സുനിയുടെ കൂട്ടാളിയില്‍ നിന്നുള്‍പ്പെടെ 4 സിം കാർഡുകള്‍ പിടിച്ചെടുത്തു

Jaihind Webdesk
Saturday, September 18, 2021

തൃശൂർ : ഫോൺ വിളി വിവാദത്തിനിടെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് 4 സിം കാർഡുകൾ പിടിച്ചെടുത്തു. മധ്യമേഖലാ ഡിഐജി സാം തങ്കയ്യനും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ കൂട്ടാളിയില്‍ നിന്നുള്‍പ്പെടെ  സിം കാർഡുകളും കഞ്ചാവും കണ്ടെടുത്തത്.

ഫോൺ വിളി വിവാദത്തിനു പിറകെ വിയ്യൂർ സെൻട്രൽ ജയിലിൽ കോടി സുനിയെ പാർപ്പിച്ചിരുന്ന സെല്ലിൽ നിന്ന് 3 സിം കാർഡുകൾ പിടികൂടി. ഡിഐജി യുടെ നേതൃത്വത്തിലുള്ള സംഘം സി ബ്ലോക്കിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സിം കാർഡുകൾ കണ്ടെത്തിയത്. ടിപി കേസ് പ്രതി കൊടി സുനി ഏതാനും ദിവസം മുമ്പുവരെ കഴിഞ്ഞത് ഈ സെല്ലിലാണ്. ആകെ 4 സിം കാർഡുകളാണ് കണ്ടെടുത്തത്. സുനിയുടെ സഹതടവുകാരനടക്കം 2 പേരെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റി.

സി ബ്ലോക്കിൽ തടവിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി ജെയ്‌സൺ, തൃശൂർ സ്വദേശി സാമുവൽ എന്നിവരിൽ നിന്നാണ് സിം കാർഡുകൾ പിടി കൂടിയത്. ഇതിൽ 3 സിം കാർഡുകളും ജെയ്സന്‍റെ കൈ വശമായിരുന്നു. കൊടി സുനിയുടെ കൂട്ടാളിയായിരുന്നു ജെയ്സൺ. സുനിയെ കഴിഞ്ഞ ദിവസം അതി സുരക്ഷാ ജയിലിലേക്കു മാറ്റുന്നത് വരെ ഇരുവരും ഒന്നിച്ചായിരുന്നു. അയ്യന്തോൾ ഫ്ലാറ്റ് കൊലപാതക കേസ് പ്രതി റഷീദിന്‍റെ കൂട്ടാളിയാണ് സാമുവൽ.

ഇന്നലെ രാത്രിയാണ് ഡിഐജി സാം തങ്കയ്യനും സംഘവും സെൻട്രൽ ജയിലിൽ പരിശോധന നടത്തിയത്. തടവുകാരെ പുറത്തിറക്കി സെല്ലുകൾ അരിച്ചുപെറുക്കി ആയിരുന്നു പരിശോധന. ഭിത്തിയിൽ വിടവുണ്ടാക്കിയാണ് ജെയ്സൺ 3 സിം കാർഡുകൾ ഒളിപ്പിച്ചിരുന്നതെങ്കിൽ സെല്ലിലുണ്ടായിരുന്ന മാഗസിൻ താളിൽ ഒട്ടിച്ചു ചേർത്ത നിലയിലായിരുന്നു സാമുവലിന്‍റെ സിം കാർഡ്.