കടലിലെ വെല്ലുവിളികൾ നേരിടാന്‍ ഐഎൻഎസ് വിക്രാന്ത് അനിവാര്യം; രാജ്യത്തിന് അഭിമാനമെന്നും എകെ ആന്‍റണി

Jaihind Webdesk
Friday, September 2, 2022

 

ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് അഭിമാനമെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ ആന്‍റണി. കടലിലെ വെല്ലുവിളികള്‍ നേരിടാന്‍ ഐഎന്‍എസ് വിക്രാന്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ കടന്നു കയറ്റം ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്. വിക്രാന്തിന്‍റെ വരവോടെ രണ്ട് വിമാനവാഹിനി കപ്പലുകൾ ഉള്ള രാജ്യമായി ഇന്ത്യ മാറി. മൂന്നാമതൊരു കപ്പൽ കൂടി നിർമ്മിക്കാൻ തയാറാകണമെന്നും എ.കെ ആന്‍റണി ആവശ്യപ്പെട്ടു. ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും സന്തോഷവും അഭിമാനവും നിറഞ്ഞ മുഹൂർത്തമാണിതെന്ന് എ.കെ ആന്‍റണി പറഞ്ഞു. ഓരോ ഇന്ത്യക്കാരനും ഏറ്റവും കൂടുതൽ ആഹ്ലാദിക്കേണ്ട നിമിഷമാണ്. വിക്രാന്തിന്‍റെ നിർമ്മാണപ്രവർത്തനം ഓരോ ഘട്ടത്തിലുമുള്ള പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ച കൊച്ചിൻ ഷിപ്പ് യാർഡിലെ എല്ലാ എൻജിനീയർമാരെയും മറ്റ് ജീവനക്കാരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

“2009 ൽ പ്രതിരോധ മന്ത്രി ആയിരുന്നപ്പോളാണ് ഐഎൻഎസ് വിക്രാന്തിന്‍റെ കീൽ ലേയിംഗ് കർമ്മം നിർവഹിച്ചത്. നേവിയുടെ പാരമ്പര്യം അനുസരിച്ച് പ്രധാനപ്പെട്ട കപ്പലുകൾ ലോഞ്ച് ചെയ്യുന്നത് മുഖ്യ അതിഥിയുടെ ഭാര്യയാണ്. അതുകൊണ്ട് 2013 ൽ എലിസബത്ത് ആന്‍റണി ആണ് കൊച്ചിൻ ഷിപ്പ് യാർഡിൽ വെച്ച് ഐഎൻഎസ് വിക്രാന്ത് ലോഞ്ച് ചെയ്തത്. ഈ ചടങ്ങിലാണ് ഷിപ്പിൽ പേര് എഴുതിയത്. അതിനു പേരിട്ടതും എലിസബത്ത് ആണ്. ഇപ്പോൾ പ്രധാനമന്ത്രി ഐഎൻഎസ് വിക്രാന്ത് ഇന്ത്യയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. ഇതോടെ രണ്ട് വിമാനവാഹിനി കപ്പലുകൾ ഉള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ ഇതുള്ളൂ. ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നീ രണ്ട വിമാനവാഹിനി കപ്പലുകള്‍ ഇപ്പോൾ നമുക്കുണ്ട്. ഇതോടെ കടലിൽ ഏത് പ്രതിസന്ധി വന്നാലും അതിനെ കൂടുതൽ ശക്തമായി നേരിടാനാകും” – എ.കെ ആന്‍റണി പറഞ്ഞു.

2009 ഫെബ്രുവരി 28: ഐഎന്‍എസ് വിക്രാന്തിന്‍റെ കീൽ ലേയിംഗ് ചടങ്ങ്

നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളിൽ ഈ പദ്ധതി അനിവാര്യമായിരുന്നുവെന്ന് എ.കെ ആന്‍റണി ചൂണ്ടിക്കാട്ടി. ഇന്ത്യ-ചൈന അതിർത്തി കഴിഞ്ഞാൽ ഇന്ന് ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്നത് കടലിലാണ്. ആദ്യകാലത്ത് ഒരു നാവിക ശക്തി അല്ലാതിരുന്ന ചൈന ഇപ്പോൾ കൂടുതൽ ശക്തമായ അവസ്ഥയിലാണ്. ചൈനയുടെ കടന്നു കയറ്റം ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ മൂന്നാമതൊരു വിമാനവാഹിനി കപ്പല്‍ കൂടി നിർമ്മിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.