ഐ.ടി വകുപ്പിന് കീഴിലെ നിയമനങ്ങളില്‍ അന്വേഷണം; ധനകാര്യ പരിശോധനാ വിഭാഗത്തിന് ചുമതല

Jaihind News Bureau
Friday, July 17, 2020

 

തിരുവനന്തപുരം : ഐ.ടി വകുപ്പിന് കീഴിലെ നിയമനങ്ങള്‍ അന്വേഷിക്കാന്‍ സർക്കാർ തീരുമാനം. ചീഫ് സെക്രട്ടറിതല സമിതിയുടെ ശുപാർശയിന്മേലാണ് നടപടി. കരാര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെ സമീപകാലത്ത് നടന്ന എല്ലാ നിയമനങ്ങളും ധനകാര്യ വകുപ്പിന് കീഴിലെ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കും.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജരായി നിയമിച്ചതുമായി ബന്ധപ്പെട്ട് ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന് സ്ഥാനം നഷ്ടമായിരുന്നു. ശിവശങ്കറും പ്രതികളുമായുള്ള അടുത്ത ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിസ്ഥാനത്ത് നിർത്തി. മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍  കേസില്‍ ഗത്യന്തരമില്ലാതെ ചീഫ് സെക്രട്ടറിതല അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു മുഖ്യമന്ത്രിക്ക്.

സ്വപ്നയെ നിയമിച്ചത് ശിവശങ്കറിന്‍റെ ശുപാർശ പ്രകാരമാണെന്ന് സമിതി കണ്ടെത്തി. തുടർന്ന് ഐ.ടി വകുപ്പിന് കീഴിലെ എല്ലാ നിയമനങ്ങളും ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കണമെന്നും ചീഫ് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കരാര്‍  നിയമനങ്ങള്‍ ഉള്‍പ്പെടെ സമീപകാലത്ത് ഐ.ടി വകുപ്പിന് കീഴില്‍ നടന്ന നിയമനങ്ങളെല്ലാം അന്വേഷിക്കാനാണ് തീരുമാനം. നിയമനം ലഭിച്ചവരുടെ വിദ്യാഭ്യാസ യോഗ്യത, നിയമനങ്ങള്‍ സുതാര്യവും ചട്ടപ്രകാരവുമാണോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. സി.പി.എം നേതാക്കളുടെ വേണ്ടപ്പെട്ടവർക്കാണ് നിയമനം ലഭിച്ചതെന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു.

അതേസമയം ശിവശങ്കറിന്‍റെ മേല്‍ പഴിചാരി തലയൂരാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ആക്ഷേപമുണ്ട്. ഐ.ടി വകുപ്പിന്‍റെ തലവനായ മുഖ്യമന്ത്രി അറിയാതെ എങ്ങനെ നിയമനങ്ങള്‍ നടന്നെന്ന ചോദ്യം ശക്തമായി നിലനില്‍ക്കുന്നു. ശിവശങ്കറിനെ മാത്രം ബലിയാടാക്കി മുഖ്യമന്ത്രിയെയും ഓഫീസിനെയും പ്രതിക്കൂട്ടില്‍ നിർത്തുന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ശ്രമം നടക്കുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാരിന്‍റെ കീഴിലുള്ള ധനകാര്യവകുപ്പിന്‍റെ അന്വേഷണം എത്രത്തോളം കാര്യക്ഷമമാകുമെന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നു.