യുപി ജയിലില്‍ തോക്കുമായി തടവുകാര്‍; കളിത്തോക്കെന്ന് സര്‍ക്കാര്‍; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

Jaihind Webdesk
Thursday, June 27, 2019

ഉന്നാവോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ കുപ്രസിദ്ധമാകുന്നു. തോക്ക് പിടിച്ച് പോസ് ചെയ്യുന്ന തടവുകാരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ പ്രചരിക്കുന്നത്. സംഭവം വിവാദമായതോടെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍റും ചെയ്തിട്ടുണ്ട്. എന്നാല്‍ തടവുകാരുടെ കൈവശമുള്ളത് കളിത്തോക്കാണെന്ന ന്യായീകരണവുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുള്ളത്.

നാല് ദിവസം മുമ്പാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ എത്തിയത്. കൊലക്കേസ് പ്രതികളായ അമരീഷും ഗൗരവ് പ്രതാപ് സിംഗുമാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവരും കമ്പിളി വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ജയിലിനുള്ളില്‍ സുഭിഷ ഭക്ഷണവും മദ്യവും ലഹരിവസ്തുക്കളും തടവുകാര്‍ക്ക് ലഭിക്കുന്നത് സംബന്ധിച്ചുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ജയില്‍ അധികൃതരെ സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടി ഏതാനും ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിര്‍മ്മിച്ചതാണ് വീഡിയോ എന്നാണ് ജയില്‍ എഡിജിപി ആനന്ദ്കുമാര്‍ നല്‍കുന്ന വിശദീകരണം. ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ഫെബ്രുവരിയിലാണെന്ന് കണ്ടെത്തിയതായും സംഭവത്തില്‍ ജയില്‍ വാര്‍ഡന്മാരായ നാല് പേരെ സസ്പെന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയ സംസ്ഥാന ആഭ്യന്തര വകുപ്പ് വിചിത്രമായ വാദങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. തടവുകാരിലൊരാള്‍ മികച്ച പെയിന്‍റര്‍ ആണെന്നും അയാള്‍ കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച തോക്കാണ് തടവുകാർ ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് ആഭ്യന്തരവകുപ്പിന്‍റെ പ്രസ്താവനയില്‍ പറയുന്നത്.