തിരുവനന്തപുരം : ഐഎൻഎല്ലിൽ സമവായ സാധ്യതകൾ അടയുന്നു. മധ്യസ്ഥ ചർച്ചകളിൽ നിന്ന് കാന്തപുരം വിഭാഗം പിന്മാറി. ഇരുകൂട്ടരും ഒന്നിച്ചുവന്നാൽ മാത്രമേ ഇനി ചർച്ചയ്ക്കുള്ളൂവെന്ന് കാന്തപുരം വ്യക്തമാക്കി. ഇതോടെ എല്‍ഡിഎഫില്‍ ഐഎന്‍എല്ലിന്റെ നിലനില്‍പ് തന്നെ അസ്ഥാനത്തായി.
പിളര്‍പ്പിന് പിന്നാലെ, ഒന്നിച്ചു പോയില്ലെങ്കില്‍ മുന്നണിയില്‍ സ്ഥാനം ഉണ്ടാകില്ലെന്ന് എല്‍ഡിഎഫ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് കാന്തപുരം വിഭാഗം മധ്യസ്ഥശ്രമം തുടങ്ങിയത്. അംഗത്വ വിതരണത്തിനായി കാസിം ഇരിക്കൂർ പക്ഷം വരണാധികാരികളെ പ്രഖ്യാപിച്ചത് തുടക്കത്തില്‍ തന്നെ കല്ലുകടിയായി. ഇരുകൂട്ടരും സമാന്തര ജില്ലാ കമ്മിറ്റികള്‍ വിളിച്ച് ശക്തിതെളിയിക്കാന്‍ കൂടി തുടങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.
എങ്കിലും സമവായചര്‍ച്ച തുടര്‍ന്നു. പിളര്‍പ്പിന് മുൻപത്തെ സ്ഥിതി തുടരണമെന്നതാണു കാന്തപുരം വിഭാഗം മുന്നോട്ടുവച്ച നിര്‍ദേശം. ചര്‍ച്ചയില്‍ അല്‍പം പുരോഗതിയുണ്ടായെങ്കിലും വിട്ടുവീഴ്ചയ്ക്ക് ആരും തയാറായില്ല. കാസിം ഇരിക്കൂര്‍ ജനറല്‍സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്നും പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നുമായിരുന്നു അബ്ദുള്‍ വഹാബിന്റ ആവശ്യം. ഇത് രണ്ടും കാസിം പക്ഷം തള്ളിയതോടെ ചര്‍ച്ച വഴിമുട്ടി.
കേരളത്തിലെത്തിയ ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാനുമായി കാന്തപുരം വിഭാഗം ചര്‍ച്ച നടത്തിയെങ്കിലും പാര്‍ട്ടിയെ വെല്ലുവിളിച്ചു പോയ അബ്ദുള്‍ വഹാബ് മാപ്പ് പറഞ്ഞു തിരിച്ചുവരട്ടെയെന്നായിരുന്നു മറുപടി. ഇതോടെയാണ് ഇനി ഇരൂകൂട്ടരും ഒന്നിച്ച് വന്നിട്ടു ചര്‍ച്ച മതിയെന്ന നിലപാടില്‍ കാന്തപുരം വിഭാഗവും എത്തിയത്. ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഐഎന്‍എല്ലിനെ എല്‍ഡിഎഫിന്റെ യോഗങ്ങളിലേക്കു ക്ഷണിക്കില്ലെന്ന് കണ്‍വീനര്‍ കഴിഞ്ഞദിവസം വ്യക്തമാക്കി. മധ്യസ്ഥ ശ്രമങ്ങള്‍ കൂടി നിലച്ചത് െഎഎന്‍എല്ലിന്റ ഭാവിയേയും ബാധിക്കും.