കണ്‍മുന്നില്‍ പ്രവര്‍ത്തകരുടെ കൂട്ടയടി, കണ്ടില്ലെന്ന് ദേവര്‍കോവില്‍ ; ഓടിയൊളിച്ച് മന്ത്രി

Sunday, July 25, 2021

കൊച്ചി : ഐഎന്‍എല്‍ യോഗത്തിലെ കൂട്ടത്തലിനെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. യോഗത്തില്‍ ഭിന്നതകളുണ്ടായെന്നും കയ്യാങ്കളിയെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലെ കൂട്ടത്തല്ല് മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു. കയ്യാങ്കളിയെത്തുടര്‍ന്ന് യോഗത്തില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് ഇറങ്ങിപ്പോയി.

സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽവഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോൾ കൂട്ടത്തല്ലിൽ കലാശിച്ചത്. കൊവിഡ് നിയന്ത്രണം ലംഘിച്ച് യോഗം ചേര്‍ന്നതിലും ഭിന്നതയുണ്ടായിരുന്നു. പാർട്ടിയിൽ നിലനിന്ന തർക്കങ്ങളെ ചൊല്ലിയായിരുന്നു സംഘർഷം.

യോഗം നടന്ന ഹോട്ടലിന് മുന്നിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പൊലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കി. പൊലീസ് വിലക്ക് അവഗണിച്ച് സ്വകാര്യ ഹോട്ടലിലായിരുന്നു സംസ്ഥാന നേതൃയോഗം ചേർന്നത്. സ്വകാര്യ ഹോട്ടലിനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.