കുടുംബാസൂത്രണം നടപ്പാക്കിയ സംസ്ഥാനങ്ങളോട് അനീതി ; മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്‌നാട്ടില്‍ വന്‍യോഗം

Jaihind News Bureau
Saturday, March 22, 2025

മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയകക്ഷികളുടെ യോഗം ചെന്നെയില്‍ തുടങ്ങി. യോഗത്തില്‍ 7 സംസ്ഥാനങ്ങളിലെ വിവിധ കക്ഷിനേതാക്കള്‍ പങ്കെടുക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് യോഗം വിളിച്ചു ചേര്‍ത്തത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവ കുമാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഇതു കൂടാതെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസളിം ലീഗിലെ പി.എം.എ.സലാം തുടങ്ങിയവരും കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നു. ബിജെപി ഒഴികെയുള്ള 123 കക്ഷികള്‍ യോഗത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യയിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണത്തെ ബാധിക്കുമെന്നാണ് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. നിലവിലുള്ള സീറ്റുകള്‍ കുറയ്ക്കാന്‍ അനുവദിക്കില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ അനുവദിക്കില്ലെന്നും തമിഴ് നാട് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളെ ഡി കെ ശിവകുമാര്‍ അഭിനന്ദിച്ചു.

മാര്‍ച്ച് 5 ന് ചെന്നൈയില്‍ ഇതേ വിഷയത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് ചെന്നൈയിലെ ഐടിസി ചോളയില്‍ യോഗം ചേരുന്നത്. അതിര്‍ത്തി നിര്‍ണ്ണയം ബാധിക്കുന്ന സംസ്ഥാനങ്ങള്‍ക്കായുള്ള ആദ്യ സംയുക്ത ആക്ഷന്‍ കമ്മിറ്റി (ജെഎസി)യാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഫെയര്‍ ഡീലിമിറ്റേഷന്‍ ഉറപ്പാക്കി ഫെഡറല്‍ ഘടന സംരക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ച ദിവസമായി ഇന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്ന് സ്റ്റാലിന്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കുറിച്ചു. ചെന്നൈ കോര്‍പ്പറേഷന്‍ കെട്ടിടത്തിന് പുറത്ത് ‘ഫെയര്‍ ഡീലിമിറ്റേഷന്‍’ എന്ന വലിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുടുംബാസൂത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളെ അതിര്‍ത്തി നിര്‍ണ്ണയം ബാധിക്കും. അതുകൊണ്ടാണ് ഈ സംസ്ഥാനങ്ങള്‍ അതിനെ എതിര്‍ക്കുന്നത്.

ചെന്നൈയിലെ നാമക്കല്‍ കവിഗ്‌നര്‍ ഹാളില്‍ ഈ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. 123 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ അതിര്‍ത്തി നിര്‍ണ്ണയത്തിനെതിരായ തമിഴ്നാടിന്റെ നിലപാടിന് പിന്തുണ അറിയിച്ചു. എന്നാല്‍ ബിജെപി യോഗം ബഹിഷ്‌കരിച്ചു.