V D Satheesan| ‘നവീന്‍ ബാബുവിന്റെ കുടുംബത്തോട് അനീതി; പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം’: വി.ഡി. സതീശന്‍

Jaihind News Bureau
Wednesday, October 15, 2025

തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ കുടുംബത്തോട് സര്‍ക്കാര്‍ അനീതിയാണ് കാട്ടിയതെന്നും, പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുടുംബം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അതിനെ എതിര്‍ത്തത്, സി.ബി.ഐ. വന്നാല്‍ ഇപ്പോള്‍ കുടുങ്ങിയവര്‍ മാത്രമല്ല ഒരുപാട് പേര്‍ കുടുങ്ങും എന്നതുകൊണ്ടാണ്. പലരും പലതിന്റെയും ബിനാമികളാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകനെതിരായ സമന്‍സിനെക്കുറിച്ച് ദേശാഭിമാനിയില്‍ വരുന്ന വാര്‍ത്തകള്‍ അബദ്ധങ്ങളാണെന്നും, അത് വായിക്കാന്‍ അറിയാത്തതുകൊണ്ടാണെന്നും സതീശന്‍ പരിഹസിച്ചു. ഇത് ലാവലിന്‍ കേസ് ആണെന്ന് ഇ.ഡി. തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇ.ഡി. എന്തുകൊണ്ട് ഈ വിഷയത്തില്‍ മുന്നോട്ട് പോയില്ല എന്നത് സംശയകരമാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ കൂട്ട് കച്ചവടമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലാവലിന്‍ കേസ് പരിഗണിക്കുമ്പോള്‍ അഭിഭാഷകന് ‘പനി’ ആയിരിക്കും എന്നും അദ്ദേഹം പരിഹസിച്ചു.

വാര്‍ത്ത കൊണ്ടുവരുന്നവര്‍ക്കെതിരെ സി.പി.എം. ഹീനമായ സൈബര്‍ ആക്രമണം നടത്തുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ജി. സുധാകരനെപ്പോലെ സാമുന്നതനായ നേതാവിനെതിരെ പോലും സൈബര്‍ ആക്രമണം നടത്തുന്ന പാര്‍ട്ടിയായി സി.പി.എം. അധഃപതിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. ജി. സുധാകരന്‍ നീതിമാനായ വ്യക്തിയാണെന്നും, അദ്ദേഹം സൈക്കോ പാത്തുകളുടെ കൂടെയല്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.