മീററ്റില്‍ കൊവിഡ് രോഗികള്‍ക്ക് മരുന്നിന് പകരം പച്ചവെള്ളം കുത്തിവച്ചു ; ആശുപത്രി ജീവനക്കാർ അറസ്റ്റിൽ

Jaihind Webdesk
Sunday, April 25, 2021

ലഖ്നൗ: കൊവിഡ് രോഗികൾക്കുള്ള റെംഡിസിവിർ ഇൻജക്ഷൻ കരിഞ്ചന്തയിൽ വിൽപന നടത്തി പകരം പച്ചവെള്ളം രോഗികള്‍ക്ക് കുത്തിവച്ച ആശുപത്രി ജീവനക്കാർ പിടിയില്‍. ഉത്തർപ്രദേശിലെ മീററ്റിൽ സുഭ്ഹാർതി മെഡിക്കൽ കോളജിൽ വാർഡ് ബോയ് ആയി ജോലി ചെയ്യുന്ന രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് നൽകേണ്ട ഇൻജക്ഷനാണ് ജീവനക്കാർ തന്നെ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽപന നടത്തിയത്. 25,000 രൂപ വരെ ഈടാക്കിയായിരുന്നു ഇവരുടെ വിൽപ്പന.

ആശുപത്രിയിൽ നിന്ന് റെംഡിസിവിർ ഇൻജക്ഷൻ കൈക്കലാക്കുന്ന പ്രതികൾ പകരം വെറും വെള്ളമാണ് രോഗികൾക്ക് കുത്തിവെച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാനായി ആശുപത്രിയിലെത്തിയ പൊലീസിനെ ഒരു സംഘം ആക്രമിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ വർധിച്ചതോടെ കൊവിഡ് രോഗികൾക്ക് നൽകുന്ന റെംഡെസിവിർ ഇൻജക്ഷനും ആവശ്യക്കാരേറിയിരുന്നു. എന്നാൽ പലയിടത്തും ഇൻജക്ഷൻ ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്. അതിനിടെയാണ് കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് ഇൻജക്ഷൻ വിൽപന നടത്തുന്നത്.