ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന് എത്തിയവർക്ക് പേ വിഷബാധയ്ക്കെതിരെയുള്ള മരുന്ന് കുത്തിവച്ചു. സരോജ്(70), അനാര്‍ക്കലി(72), സത്യവതി(60) എന്നിവര്‍ക്കാണ് മരുന്ന് മാറ്റി കുത്തിവെച്ചത്. ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വീട്ടിലെത്തിയ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വിഷയത്തെക്കുറിച്ച് അന്വേഷിച്ച സര്‍ക്കാര്‍ വീഴ്ച സമ്മതിച്ചുസംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ജസ്ജിത് കൗര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് ആദ്യഘട്ട വാക്‌സിന്‍ നല്‍കുന്ന കേന്ദ്രത്തിലേക്ക് പോകുന്നതിന് പകരം സ്ത്രീകള്‍ റാബീസ് വാക്‌സിന്‍ നല്‍കുന്ന ഒപിഡി കേന്ദ്രത്തിലേക്കാണ് പോയത്. അവിടെനിന്നാണ് ഇവര്‍ക്ക് ആന്‍റി റാബിസ് കുത്തിവെച്ച് ലഭിച്ചതെന്നും മജിസ്‌ട്രേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പരിശോധനകള്‍ നടത്താതെയും കാര്യങ്ങള്‍ അന്വേഷിക്കാതെയും ഫാര്‍മസിസ്റ്റ് ഇവര്‍ക്ക് ആന്‍റി റാബിസ് വാക്‌സിന്‍ നല്‍കുകയായിരുന്നു. ഫാര്‍മസിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കിയതായും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
തങ്ങളോട് വാക്‌സിന്‍ കുത്തിവെച്ചവര്‍ ആധാര്‍ കാര്‍ഡ് ചോദിച്ചില്ലെന്ന് അനാര്‍ക്കലി പറഞ്ഞു. 60കാരിയായ സത്യവതിയാണ് സംഭവത്തില്‍ ആദ്യം പ്രതികരിച്ചത്. 10 രൂപയുടെ സിറിഞ്ച് വാങ്ങിക്കൊണ്ടുവരാന്‍ കൗണ്ടറിലിരിക്കുന്നയാള്‍ പറഞ്ഞെന്നും ചോദിച്ചപ്പോള്‍ പേവിഷ ബാധക്കെതിരെയുള്ള വാക്‌സിനാണ് എടുത്തതെന്നും അധികൃതര്‍ പറഞ്ഞതായി അവര്‍ വ്യക്തമാക്കി.