വിവരങ്ങള്‍ 10 ദിവസത്തിനകം നല്‍കും; ബിജെപി നേതാക്കളുടെ പ്രസംഗവും പരിശോധിക്കുമോയെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, March 19, 2023

 

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തില്‍ കശ്മീരിലെ പ്രസംഗത്തിനിടെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട്  ഡല്‍ഹി പോലീസ് ആവശ്യപ്പെട്ട വിവരങ്ങള്‍ 10 ദിവസത്തിനകം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. സമാന ചോദ്യങ്ങള്‍ ഭരണകക്ഷിയിലെ നേതാക്കളോട് ചോദിച്ചിട്ടുണ്ടോയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. നീക്കത്തിന് പിന്നില്‍ അദാനി വിഷയത്തിലെ നിലപാടുമായി ബന്ധമില്ലെന്ന് വിശ്വസിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി  ഡല്‍ഹി പോലീസിന് നല്‍കിയ മറുപടിയില്‍ സൂചിപ്പിച്ചു. ഡല്‍ഹി പോലീസ് നല്‍കിയ നോട്ടീസിന് നല്‍കിയ നാല് പേജുള്ള പ്രാഥമിക മറുപടിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അദാനി വിഷയത്തിൽ പാർലമെന്‍റിനകത്തും പുറത്തും സ്വീകരിച്ച നിലപാടുമായി ഡല്‍ഹി പോലീസിന്‍റെ നീക്കത്തിന് പിന്നില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ചോദിച്ചു. ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെയുള്ള മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ പ്രസംഗങ്ങൾ ഇത്തരത്തിലുള്ള പരിശോധനയ്‌ക്കോ ചോദ്യം ചെയ്യലിനോ വിധേയമാക്കിയിട്ടുണ്ടോയെന്നും രാഹുൽ ചോദിച്ചു.

ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയത്. ‘സ്ത്രീകൾ ഇപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു’ എന്നായിരുന്നു ഇക്കഴിഞ്ഞ ജനുവരി 30ന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ ശ്രീനഗറിൽവെച്ച് രാഹുൽ പറഞ്ഞത്. ഇതിലെ വിശദാംശങ്ങള്‍ തേടിയാണ് എത്തിയതെന്നാണ് പോലീസിന്‍റെ വിശദീകരണം. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മൂന്ന് തവണയാണ് പോലീസ് എത്തിയത്.

മാർച്ച് 15ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ എത്തിയ പോലീസ് സംഘത്തിന് രാഹുലിനെ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മാർച്ച് 16ന് വീട്ടിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയത്. പോലീസ് അയച്ച നോട്ടീസിന് നിയമസാധുതയില്ലെന്ന് കോൺഗ്രസ് നേരത്തെ പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധിക്ക് എതിരെയുള്ള പോലീസ് നടപടിയിൽ പ്രവർത്തകരും നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി. ഇതിനിടെ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ പോലീസ് തടഞ്ഞിരുന്നു. കേന്ദ്ര സർക്കാർ‌ ഭയപ്പെടുത്താൻ നോക്കുന്നുവെന്ന് പവൻ ഖേര പ്രതികരിച്ചു. ഏകാധിപത്യ സർക്കാരിന്‍റെ ഭീരുത്വമാണ് നടപടിക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയും മോദി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയും പ്രതികരിച്ചു.