കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാനഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ പ്രസവിച്ച പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് സംശയമുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. കുഞ്ഞിനെ ഇന്ന് രാവിലെ അഞ്ചരയോടെയാണ് അതിജീവിത ശുചിമുറിയില്‍ പ്രസവിച്ചത്. കുഞ്ഞ് ജനിച്ച് മൂന്നര മണിക്കൂറിന് ശേഷമാണ് കുഞ്ഞിനെ ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ റോഡിന് സമീപത്തെ ഫ്ളാറ്റിൽ താമസിക്കുന്ന അതിജീവിതയെയും അച്ഛനെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
അതിജീവിത ഗർഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കൾ അറിഞ്ഞിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി. കുഞ്ഞിനെ പ്രസവിച്ച കാര്യവും പുറത്തേക്കു വലിച്ചെറിഞ്ഞതും പെൺകുട്ടി സമ്മതിച്ചിട്ടുണ്ട് എന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്.ശ്യാംസുന്ദർ പറഞ്ഞു. ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടെ താമസിക്കുന്ന ദമ്പതികളെയും മകളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ പോലീസ് കൊലപാതക കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യും.
കൊലപാതകവും പീഡനവും രണ്ടു കേസ് ആയി തന്നെ അന്വേഷിക്കും. അതിജീവിതയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതിജീവിതയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു.